അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി യുഎസ് പൊലീസ്; അഞ്ജനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത

മിൽപീറ്റസ് (കലിഫോർണിയ): യുഎസിലെ കലിഫോർണിയയിലുള്ള മിൽപീറ്റസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ പ്രതിയായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ചും ഇരുവരുടേയും സുഹൃത്തും തിരുവനന്തപുരം സ്വദേശിനിയുമായ ആൻ മേരി മാത്യുവിനെ കത്തിയുപയോഗിച്ച് കുത്തിയുമാണ് കൊലപ്പെടുത്തിയത്. കേസിൽ മനഃപൂർവമായ നരഹത്യാക്കുറ്റമാണ് അനിലയ്ക്ക് മേൽ മിൽപീറ്റസ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്.

കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു. മിൽപീറ്റസ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഡിറ്റക്ടീവ് ടൈലർ ഗുഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ സാന്റ ക്ലാര കൗണ്ടി മെയിൻ ജയിലിൽ കഴിയുന്ന പ്രതിയെ വരുന്ന ഒൻപതാം തീയതി കോടതിയിൽ ഹാജരാക്കും.

അഞ്ജനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, നിർണ്ണായകമായി സാക്ഷിമൊഴി

കഴിഞ്ഞ ദിവസമാണ് കലിഫോർണിയയെയും മലയാളി സമൂഹത്തെയും ഒന്നുപോലെ നടുക്കിയ കൊലപാതക പരമ്പര അരങ്ങേറിയത്. ഓഗസ്റ്റ് 28-ന് ഉച്ചകഴിഞ്ഞാണ് മിൽപീറ്റസിലെ 440 ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്മെന്റ്സിൽ അപകടം നടന്നതായി പൊലീസിന് അടിയന്തര വിവരം ലഭിക്കുന്നത്. അപ്പാർട്ട്മെന്റിലെ ബിൽഡിങ് എഫിന് സമീപം നീല നിറത്തിലുള്ള ഒരു എസ്‌യുവി കാർ, കാൽനടയാത്രക്കാരിയായ യുവതിയുടെ മേൽ ക്രൂരമായി ഇടിച്ചുകയറി എന്നായിരുന്നു ആദ്യ സന്ദേശം.

വിവരം ലഭിച്ചയുടൻ തന്നെ മിൽപീറ്റസ് പൊലീസ് ഓഫിസർ മുനോസ്, സർജന്റ് താൻ, ഓഫിസർ ഒറൻസിയ എന്നിവർ അതിവേഗം സംഭവസ്ഥലത്തെത്തി. തലയിൽ ഗുരുതരമായി പരുക്കേറ്റ്, രക്തം വാർന്ന നിലയിൽ അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ലോട്ടിലായിരുന്നു അഞ്ജന കിടന്നിരുന്നത്. മിൽപീറ്റസ് ഫയർ ആൻഡ് പാരാമെഡിക്സ് സംഘം അഞ്ജനയുടെ ജീവൻ രക്ഷിക്കാൻ പരമാവധി പരിശ്രമിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു.

അപ്പാർട്ട്മെന്റിൻ്റെ പാർക്കിങ് ഏരിയയിൽ വെച്ചാണ് കാർ മനഃപൂർവ്വം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതായിരുന്നു സംഭവസ്ഥലത്തെ തെളിവുകൾ. നിയന്ത്രണം വിട്ട എസ്‌യുവി കാർ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് മൂന്ന് വാഹനങ്ങളുടെ വശങ്ങൾ കൂടി തകർത്തുകൊണ്ടാണ് മുന്നോട്ട് പാഞ്ഞത്. സംഭവം നടന്ന് മിനിറ്റുകൾക്കകം, പ്രദേശത്തുണ്ടായിരുന്ന ഒരാൾ പൊലീസിനെ വിളിച്ച് സുപ്രധാന വിവരങ്ങൾ കൈമാറിയിരുന്നു. അപകടമുണ്ടാക്കിയ നീല നിറത്തിലുള്ള എസ്‌യുവി വാഹനം വളരെ അശ്രദ്ധമായും അമിതവേഗതയിലും ഓടിച്ചു പോകുന്നത് കണ്ടതായിട്ടായിരുന്നു ഈ ദൃക്‌സാക്ഷിയുടെ സന്ദേശം. ഇതാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.

മിൽപീറ്റസ് ബൊവാർഡിലെ വാൾഗ്രീൻസ് പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തനിലയിലായിരുന്നു അനിലയുടെ വാഹനം കണ്ടെത്തിയത്. കാറിനുള്ളിൽ ഇരുന്ന അനില ബേബിയെ പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും അവർ ഒന്നിനോടും പ്രതികരിച്ചില്ല. പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. അനിലയുടെ കൈകാലുകളിൽ പരുക്കും രക്തക്കറകളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ദൃക്‌സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അനില മനഃപൂർവം യുവതിയുടെ മേൽ കാർ ഇടിച്ചുകയറ്റിയതാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

അഞ്ജന ഹരിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആൻ മേരി മാത്യുവിനെ താമസസ്ഥലമായ ഫ്ലാറ്റിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഈ രണ്ട് കൊലപാതകങ്ങളിലും അനില ബേബിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദവും തർക്കങ്ങളുമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചനകൾ.

കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികൾ നോർക്കയുടെയും (NORKA) കലിഫോർണിയയിലെ മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ സജീവമായി നടന്നുവരികയാണ്.

US police record Anila Baby’s arrest; Anjana’s murder was brutal, could lead to up to 25 years in prison

More Stories from this section

family-dental
witywide