
ന്യൂയോർക്ക്/തിരുവനന്തപുരം: അമേരിക്കയിലെ കാലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരി (35), ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങൾ വരും ദിവസങ്ങളിൽ നാട്ടിലെത്തിക്കും. പോസ്റ്റ്മോർട്ടം നടപടികൾ നാളെ പൂർത്തിയാകുമെന്നും, തുടർന്ന് എംബാം അടക്കമുള്ള ഔദ്യോഗിക ക്ലിയറൻസുകൾക്കായി രണ്ടു ദിവസം കൂടി വേണ്ടിവരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് തീവ്രശ്രമം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓണം ആഘോഷത്തിന് തൊട്ടുപിന്നാലെ ദുരന്തം
കാലിഫോർണിയയിലെ മിൽപിറ്റാസിലുള്ള അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ ഒന്നിച്ച് താമസിച്ചിരുന്ന ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു. കൊലപാതകം നടക്കുന്നതിന് തലേദിവസം വരെ ഇവർ ഒന്നിച്ച് ഓണാഘോഷങ്ങളിൽ പങ്കെടുത്തതായി ബന്ധുക്കൾ പറയുന്നു. തൃശൂർ മണ്ണുത്തി മുടിക്കോട് സ്വദേശിനിയായ അഞ്ജന സ്കൂൾ അധ്യാപികയായിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യു കമ്പ്യൂട്ടർ അധ്യാപികയുമാണ്.
ആസൂത്രിത കൊലപാതകമെന്ന് യുഎസ് പൊലീസ്
കേസുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും കോട്ടയം മൂന്നിലവ് സ്വദേശിനിയുമായ അനിലയെ (32) യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരേ അപ്പാർട്ട്മെൻ്റ് പരിസരത്ത് വെച്ച് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പ്രതി രണ്ട് കൊലപാതകങ്ങളും നടത്തിയത്. ആൻ മേരിയെ അപ്പാർട്ട്മെന്റിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ പ്രതി തൻ്റെ ബ്ലൂ എസ്‌യുവി കാർ ഇടിപ്പിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അനില കുറ്റമേറ്റതായി വിവരമുണ്ടെങ്കിലും മിൽപീറ്റസ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഫോൺ കാണാതായതിൽ ദുരൂഹത
കൊല്ലപ്പെട്ട ആൻ മേരിയുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്തുനിന്ന് കാണാതായത് കേസിൽ കൂടുതൽ ദുരൂഹത ഉയർത്തുന്നുണ്ട്. ജോലി സംബന്ധമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക സൂചനകളുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രതിയായ അനില കടുത്ത തൊഴിൽ സമ്മർദ്ദത്തിലായിരുന്നുവെന്ന് മറ്റ് സുഹൃത്തുക്കൾ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണവും ആസൂത്രണവും പുറത്തുകൊണ്ടുവരാൻ യുഎസ് അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നോർക്കയും (NORKA) നിരന്തരം സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും, മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. മന്ത്രി ഒ.ജെ.ജനീഷ് അഞ്ജനയുടെ വീടു സന്ദർശിച്ചു നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ഉറപ്പു നൽകി.
Murder of Malayali women in California: Efforts underway to bring bodies back home by Saturday; Postmortem procedures to be completed soon














