അമേരിക്കയിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വെടിവെച്ചുള്ള വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ തീരുമാനത്തിനെതിരെ ലിയോ മാർപാപ്പയും വത്തിക്കാനും രംഗത്ത്. വധശിക്ഷ മനുഷ്യന്റെ അന്തസ്സിന് വിരുദ്ധമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ അഭിപ്രായപ്പെട്ടു. വധശിക്ഷയ്‌ക്കെതിരായ ലോകദിനത്തോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പോപ്പ് സഭയുടെ നിലപാട് ആവർത്തിച്ചത്.
വധശിക്ഷ നടപ്പാക്കാതെതന്നെ നീതി ഉറപ്പാക്കാനും പൊതുജനങ്ങളെ സംരക്ഷിക്കാനും കഴിയുമെന്നും കുറ്റവാളികൾക്ക് ജീവിതം തിരുത്താനുള്ള അവസരം പൂർണമായി നിഷേധിക്കാത്ത തടങ്കൽ സംവിധാനങ്ങൾ നിലവിലുണ്ടെന്നും പോപ്പ് ചൂണ്ടിക്കാട്ടി.
2009ൽ ഫോർട്ട് ഹുഡ് സൈനിക താവളത്തിലുണ്ടായ വെടിവയ്പ്പിൽ 13 പേരെ കൊലപ്പെടുത്തുകയും 32 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിദാൽ മാലിക് ഹസന്റെ വധശിക്ഷ ഡിസംബർ മൂന്നിന് നടപ്പാക്കാനാണ് തീരുമാനം. വെടിവെച്ചുള്ള വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യാഴാഴ്ച അറിയിച്ചിരുന്നു. 1961നുശേഷം അമേരിക്കൻ സൈന്യം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.
മരണത്തെ കാഴ്ചവിരുന്നാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനും പ്രതികരിച്ചു. വധശിക്ഷ മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഫലപ്രദമല്ലെന്നുമാണ് കത്തോലിക്കാ സഭയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളിയാണെങ്കിൽപ്പോലും ഒരാളുടെ മരണം പരസ്യമായി പ്രദർശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് പോൾ കോക്ലിയും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഹസന്റെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനാവില്ലെങ്കിലും വധശിക്ഷ പരസ്യമായി സംപ്രേഷണം ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ രാജ്യത്തിന്റെ ധാർമിക അടിത്തറയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഹസന്റെ വധശിക്ഷയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. വെടിവെച്ചുള്ള വധശിക്ഷയാണ് നടപ്പാക്കുകയെന്നും അയാൾ വധിക്കപ്പെടണമെന്നുമാണ് തന്റെ നിലപാടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
വധശിക്ഷയുടെ തത്സമയ സംപ്രേഷണം നടക്കുമോ എന്ന കാര്യത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സംശയം പ്രകടിപ്പിച്ചു. താൻ അത് കാണില്ലെന്നും സംപ്രേഷണം യഥാർഥത്തിൽ നടക്കുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചയാളാണ് വാൻസ്.
Pope Leo calls death penalty “inadmissible” as U.S. plans to livestream Fort Hood execution













