പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനം, നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ത്യയിൽ; നാളെ മോദിയുമായി ചർച്ച

ദില്ലി: പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ദ്വിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തി. കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 34 അംഗ ഔദ്യോഗിക സംഘത്തോടൊപ്പമെത്തിയ ബാലൻ ഷാ ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. നേപ്പാളിലെ ചൈനീസ് സ്വാധീനം വർധിക്കുന്ന പശ്ചാത്തലത്തിൽ പുതിയ നേതൃത്വവുമായി ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി ദ്രൗപതി മുർമ്മുവുമായും ബാലൻ ഷാ കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജ സഹകരണം, അതിർത്തി തർക്കം, അടിസ്ഥാനസൗകര്യ വികസനം എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന വിഷയങ്ങളാകും. കഴിഞ്ഞ ഓഗസ്റ്റിലെ മിന്നൽ പ്രളയത്തിൽ തകർന്ന മേഖലകളുടെ പുനർനിർമ്മാണത്തിനായി ഏകദേശം 500 കോടി ഡോളർ ലക്ഷ്യമിടുന്ന നേപ്പാൾ, ഇന്ത്യയിൽ നിന്ന് വലിയ സാമ്പത്തിക സഹായ പാക്കേജാണ് പ്രതീക്ഷിക്കുന്നത്.

നേപ്പാളിൽ നിന്നുള്ള 1,200 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി വിപുലീകരിക്കുന്നതിനും ഇന്ത്യ വഴി ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനും ചർച്ചകളിൽ മുൻഗണന നൽകും. ചൈനീസ് സഹായത്തോടെ നിർമ്മിച്ച നേപ്പാളിലെ പുതിയ വിമാനത്താവളങ്ങളിലേക്ക് വലിയ വിമാനങ്ങൾ ഇറങ്ങാൻ ഇന്ത്യൻ വ്യോമാതിർത്തിയിൽ കൂടുതൽ പ്രവേശന പാതകൾ അനുവദിക്കണമെന്ന നേപ്പാളിന്റെ ആവശ്യവും ചർച്ചയാകും. ഇരുരാജ്യങ്ങളുടെയും ഊർജ പദ്ധതികളുടെ സംയുക്ത ഉദ്ഘാടനത്തിന് ശേഷം നാളെ വൈകിട്ട് ബാലൻ ഷാ നേപ്പാളിലേക്ക് മടങ്ങും.

Nepal Prime Minister Balen Shah Arrives in India on Maiden Foreign Trip; Set for Talks with PM Modi on Energy, Trade, and Flood Reconstruction Aid

More Stories from this section

family-dental
witywide