
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ‘ജന്തർ മന്തർ 2.O’ പ്രതിഷേധ മാർച്ചിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന പ്രതിഷേധ പരിപാടി ക്രമസമാധാന പ്രശ്നങ്ങളിലേക്ക് വഴിമാറാതിരിക്കാൻ ഡൽഹി പൊലീസും സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണ്. മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് ഉൾപ്പെടെയുള്ള 45 മെട്രോ സ്റ്റേഷനുകൾ അടച്ചു.
പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലും അതിർത്തികളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാൻ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
പ്രതിഷേധ മാർച്ച് കാരണം തലസ്ഥാന നഗരിയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല പ്രധാന റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും റൂട്ടുകൾ തിരിച്ചുവിടാനും സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.
രാവിലെ 10 മണിയോടെ ജന്തർ മന്തറിലെത്തണമെന്നാണു പ്രവർത്തകർക്ക് സിജെപി നൽകിയിട്ടുള്ള നിർദേശം. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ ധർമേന്ദ്ര പ്രധാനെ കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നു താഴെയിറക്കിയ ആത്മവിശ്വാസത്തിലാണ് സിജെപി രണ്ടാം സമരത്തിനെത്തുന്നത്. ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തർ മന്തറിൽ വിന്യസിച്ചിട്ടുള്ളത്. പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
Protest heat rises again in Delhi; CJP’s ‘Jantar Mantar 2.0’ takes place today; the capital is under a heavy security, and metro stations have been closed.













