സിജെപി പ്രതിഷേധം: മെട്രോയും ട്രെയിനും പൂർണമായി നിർത്തരുത്; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിർദേശം

ന്യൂഡൽഹി: ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി മെട്രോ, ട്രെയിൻ സർവീസുകൾ പൂർണമായി നിർത്തിവയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി. ഗതാഗത നിയന്ത്രണങ്ങൾ ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം സർവീസുകൾ തുടരണമെന്ന് കേന്ദ്രത്തോട് നിർദേശിച്ചു. ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, ഡൽഹി-എൻസിആറിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്ന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ, ജീവനക്കാർ, മുതിർന്ന പൗരന്മാർ എന്നിവരെയെല്ലാം നിയന്ത്രണങ്ങൾ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

“എല്ലാവർക്കും കാറില്ല. എല്ലാം നിർത്തിവച്ച് ജനങ്ങളെ യാത്രാസൗകര്യമില്ലാതെ ഉപേക്ഷിക്കാനാകില്ല. മെട്രോ ട്രെയിനുകളുടെ സഞ്ചാരം പൂർണമായി നിരോധിക്കരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ട്രെയിനുകൾ റദ്ദാക്കാനും മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനുമുള്ള നീക്കത്തിനെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസിന്റെ നടപടി സംഘാടകർ ചോദ്യം ചെയ്തിട്ടില്ലെന്ന് നേരത്തെയുള്ള വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അനുമതി നിഷേധിച്ച നടപടി ചോദ്യം ചെയ്യാതെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.

അനുമതിയില്ലാത്ത പ്രതിഷേധം നിയമവിരുദ്ധമാകുമെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അടിയന്തരമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളും അതിന്റെ പരിധിയിൽ വരുമെന്നും കപിൽ സിബൽ വാദിച്ചു. നിശ്ചിത സ്ഥലത്ത് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും അനുമതിയില്ലാതെ സമരം നടത്തിയാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച നടപടി സംഘാടകർ ചോദ്യം ചെയ്യുകയും സമാധാനപരമായി പരിപാടി നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്താൽ നിയന്ത്രണങ്ങളിൽ ഇളവ് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു.

പ്രതിഷേധത്തിൽ എത്രപേർ പങ്കെടുക്കുമെന്ന വിവരവും അക്രമമുണ്ടാക്കില്ലെന്നും ആയുധങ്ങൾ കൈവശം വയ്ക്കില്ലെന്നുമുള്ള ഉറപ്പും സംഘാടകരിൽനിന്ന് തേടാമെന്നും കോടതി പറഞ്ഞു. അതേസമയം, പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസിന്റെ നടപടിയെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ വിമർശിച്ചു. പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലമാണ് ജന്തർ മന്തറെന്നും അവിടെ സമരം നടത്താൻ പൊലീസിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതിനെയും ദിപ്‌കെ വിമർശിച്ചു.

“യുവാക്കളെ ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചിടൂ,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹ്രസ്വമായ അറിയിപ്പ്, മുൻ പ്രതിഷേധത്തിനിടെ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണം, പൊതുസുരക്ഷ, ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്താൻ അനുമതി തേടി സിജെപി സഹകൺവീനർ സൗരവ് ദാസ് അപേക്ഷ നൽകിയിരുന്നതായി ജോയിന്റ് പൊലീസ് കമ്മിഷണർ നൂപുർ പ്രസാദ് പറഞ്ഞു. എന്നാൽ പ്രതിഷേധത്തിന് പത്ത് ദിവസം മുമ്പെങ്കിലും അറിയിപ്പ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നും അവർ വ്യക്തമാക്കി.

മുൻപ് ഇതേ സ്ഥലത്ത് പ്രതിഷേധത്തിന് അനുമതി നൽകിയപ്പോൾ സിജെപി പൊലീസിന്റെ നിർദേശങ്ങളും നൽകിയ ഉറപ്പുകളും പാലിച്ചില്ലെന്നും നൂപുർ പ്രസാദ് ആരോപിച്ചു. പൊതുക്രമം നിലനിർത്തുന്നതിനുള്ള നിയന്ത്രണങ്ങൾ അനുവദിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് ന്യൂഡൽഹി മേഖലയിൽ നിലവിലുണ്ടെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ചത്തെ പ്രതിഷേധത്തിന് മുന്നോടിയായി ന്യൂഡൽഹിയിലേക്കും ഹസ്രത്ത് നിസാമുദ്ദീനിലേക്കുമുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം.

‘Complete stoppage of metro, rail services unacceptable’: SC to Centre ahead of CJP October 10 Jantar Mantar protest

More Stories from this section

family-dental
witywide