ഇറാനിൽ പ്രക്ഷോഭകാരിയുടെ വധശിക്ഷ നടപ്പാക്കി; അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ആരോപണം

ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും വിദേശരാജ്യങ്ങൾക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുകയും ചെയ്തെന്ന കുറ്റത്തിന് യുവാവിൻ്റെ വധശിക്ഷ നടപ്പാക്കി. ജനുവരിയിൽ നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്ത മജീദ് അദിനേ എന്നയാളുടെ വധശിക്ഷയാണ് ഞായറാഴ്ച രാവിലെ ഇറാൻ ഭരണകൂടം നടപ്പാക്കിയത്.

അമേരിക്ക, ഇസ്രായേൽ എന്നീ ശത്രുരാജ്യങ്ങളുടെ ഏജൻ്റായി പ്രവർത്തിച്ചുവെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഗ്രൂപ്പുകൾക്ക് വേണ്ടി സജീവമായി രംഗത്തിറങ്ങിയെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പരമ്പരയിലെ അവസാനത്തെ ആളാണ് അദിനേ.

കഴിഞ്ഞ ജനുവരി 9-ന് ടെഹ്‌റാന് പടിഞ്ഞാറുള്ള അൽബോർസ് പ്രവിശ്യയിൽ നിന്നാണ് ഇയാളെയും മറ്റൊരു കൂട്ടാളിയെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ പക്കൽ നിന്ന് തോക്ക്, വെടിയുണ്ടകൾ, ടേസറുകൾ, കണ്ണീർവാതക ഷെല്ലുകൾ, റീചാർജ് ചെയ്യാവുന്ന ചെയിൻസോ, പെട്രോൾ ബോംബ് എന്നിവ കണ്ടെടുത്തതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘മിസാൻ ഓൺലൈൻ’ റിപ്പോർട്ട് ചെയ്തു.

കരാജ് വിപ്ലവ കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അദിനേ നൽകിയ അപ്പീൽ ഇറാൻ സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്. ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വിലക്കയറ്റത്തിനെതിരെ കഴിഞ്ഞ ഡിസംബർ അവസാനം ആരംഭിച്ച പ്രതിഷേധം ജനുവരി ആദ്യവാരത്തോടെ ശക്തമായ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഈ പ്രക്ഷോഭങ്ങളിൽ മൂവായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഇറാൻ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഈ അക്രമങ്ങൾക്ക് പിന്നിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢാലോചനയാണെന്നാണ് ഇറാൻ്റെ ആരോപണം. ഫെബ്രുവരി 28-ന് ആരംഭിച്ച മിഡിൽ ഈസ്റ്റ് യുദ്ധത്തിന് ശേഷം ഇറാനിൽ വധശിക്ഷകളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് ഇറാൻ എന്ന് ആംനസ്റ്റി ഇന്റർനാഷണലിൻ്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Protester executed in Iran; accused of spying for the US and Israel

More Stories from this section

family-dental
witywide