ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ വൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും ഉൾപ്പെടുന്നു. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ച മലയാളി. ഞായറാഴ്ച രാത്രിയുണ്ടായ ഈ ദരുന്തത്തിൽ അർജുൻ ഉൾപ്പെടെ 12 ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയുമാണ് കൊല്ലപ്പെട്ടതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ 66 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് മാസങ്ങളായി ഉൽപ്പാദനം നിർത്തിവെച്ചിരുന്ന പ്ലാന്റിന്റെ പ്രവർത്തനം തൊഴിലാളികൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അന്നുണ്ടായ മിസൈൽ ആക്രമണത്തിൽ പ്ലാന്റിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർന്നുണ്ടായ തകരാറുകൾ പരിഹരിച്ച് പ്ലാന്റ് വീണ്ടും സജ്ജമാക്കുന്നതിനിടയിലുണ്ടായ സാങ്കേതിക തകരാറാണ് ഈ വൻ സ്ഫോടനത്തിന് ഇടയാക്കിയതെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
അപകടത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച എംബസി, ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് +974 5564 7502, +974 5538 4683 എന്നീ ഫോൺ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Qatar Ras Laffan Blast: 12 Indians Including a Keralite Killed; Technical Snag Suspected














