കേരളത്തിലെ ഒരു ചെറിയ തീരദേശ പട്ടണത്തിൽ എടിഎമ്മിൽ മറന്നുവെച്ച ഡെബിറ്റ് കാർഡ് തിരികെ ലഭിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന അമേരിക്കൻ യുവതിക്ക്, ഒരു മലയാളിയുടെ നിസ്വാർത്ഥ സഹായം ജീവിതകാലം മുഴുവൻ ഓർമിക്കാവുന്ന അനുഭവമായി മാറി. നഷ്ടപ്പെട്ട എടിഎം കാർഡ് തിരികെ നൽകാൻ ഓട്ടോറിക്ഷയിൽ ഏകദേശം ആറുമണിക്കൂർ യാത്ര ചെയ്ത യുവാവിന്റെ പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്ന അമേരിക്കൻ യുവതി തന്നെയാണ് ഈ സംഭവം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. “കേരളത്തിൽ പരിചയപ്പെട്ട ഒരാൾ എന്റെ എടിഎം കാർഡ് തിരികെ നൽകാൻ ഓട്ടോറിക്ഷയിൽ 6 മണിക്കൂർ യാത്ര ചെയ്തു” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.
കേരളത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ ഒരു തീരദേശ നഗരത്തിലെ എടിഎമ്മിൽ ഡെബിറ്റ് കാർഡ് മറന്നുവെച്ചതായും പിന്നീട് തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് കാർഡ് നഷ്ടമായ വിവരം തിരിച്ചറിഞ്ഞതെന്നും യുവതി പറഞ്ഞു. അപ്പോഴേക്കും അവൾ ഏകദേശം അഞ്ച് മണിക്കൂർ ദൂരമെത്തിയിരുന്നു. അതേ ദിവസം ഒരു ഡിഎച്ച്എൽ ഓഫീസിൽ പോയപ്പോൾ അവിടുത്തെ ജീവനക്കാരനുമായി വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടാൻ ആവശ്യമായ വിവരങ്ങൾ കൈമാറിയിരുന്നു. കാർഡ് നഷ്ടമായെന്ന് മനസ്സിലായതോടെ യുവതി ഉടൻ തന്നെ ആ ജീവനക്കാരനെ ബന്ധപ്പെടുകയും എടിഎമ്മിൽ കാർഡ് ഉണ്ടോ എന്ന് പരിശോധിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു.
ഏകദേശം ഒരു ദിവസത്തിന് ശേഷം കാർഡ് എടിഎമ്മിന് മുകളിൽ തന്നെ കണ്ടെത്തിയെന്ന വാർത്തയാണ് ലഭിച്ചത്. എന്നാൽ അത് തിരികെ ലഭ്യമാക്കുക എന്നത് മറ്റൊരു വെല്ലുവിളിയായിരുന്നു. ഇന്ത്യയിൽ നിന്ന് മടങ്ങാനുള്ള വിമാനത്തിന് വെറും 36 മണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം. ഞായറാഴ്ചയായതിനാൽ കൊറിയർ സേവനങ്ങളും ലഭ്യമല്ലായിരുന്നു. അന്ന് രാത്രി തന്നെ പുറത്തേക്ക് വരാൻ ആവശ്യപ്പെട്ട് യുവതിക്ക് ഒരു ഫോൺകോൾ ലഭിച്ചു. പുറത്തിറങ്ങി നോക്കിയപ്പോൾ ഡിഎച്ച്എൽ ജീവനക്കാരനും രണ്ട് സുഹൃത്തുക്കളും അവിടെ കാത്തുനിൽക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഏകദേശം ആറുമണിക്കൂർ യാത്ര ചെയ്താണ് അവർ കാർഡ് നേരിട്ട് എത്തിച്ചുനൽകിയത്. യാത്ര പോയി വരാൻ ആകെ 14 മണിക്കൂറോളം എടുത്തതായും യുവതി പറഞ്ഞു.
ഈ സഹായത്തിന് പ്രതിഫലമായി പണം നൽകാൻ ശ്രമിച്ചെങ്കിലും യുവാവ് അത് സ്വീകരിക്കാൻ തയ്യാറായില്ല. കുറഞ്ഞ ചെലവിൽ ഇന്ത്യ സന്ദർശിക്കുന്ന യുവതിക്ക് യാത്രയ്ക്കായി ആ പണം സൂക്ഷിക്കാനാണ് അദ്ദേഹം നിർദേശിച്ചത്. കൃഷ്ണ എന്നാണ് അയാളുടെ പേര് എന്നും തന്റെ പോസ്റ്റിൽ യുവതി വെളിപ്പെടുത്തി. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധനേടി. നിരവധി പേർ കൃഷ്ണയുടെ നിസ്വാർത്ഥ സേവനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ദൈവത്തിന്റെ സ്വന്തം നാട്” എന്ന കേരളത്തിന്റെ വിശേഷണത്തിന് ഇത്തരത്തിലുള്ള സംഭവങ്ങളാണ് അടിസ്ഥാനം എന്നും പലരും അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ അതിഥികളെ ദൈവതുല്യരായി കാണുന്ന “അതിഥി ദേവോ ഭവ” എന്ന സന്ദേശത്തിന്റെ മനോഹരമായ ഉദാഹരണമാണ് ഈ സംഭവമെന്നും സാമൂഹ്യമാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചു. തികച്ചും അപരിചിതയായ ഒരാളെ സഹായിക്കാൻ മണിക്കൂറുകൾ ചെലവഴിച്ച് യാത്ര ചെയ്ത കൃഷ്ണയുടെ പ്രവർത്തി, ഒരു ദുരനുഭവമാകാമായിരുന്ന സംഭവത്തെ ജീവിതകാലം മുഴുവൻ ഓർമിക്കുന്ന മനോഹരമായ ഓർമയായി മാറ്റിയെന്നും യുവതി കുറിച്ചു.
Kerala man travels 6 hours in auto-rickshaw to return US woman’s lost ATM card











