ലാറ്റിനമേരിക്കയിൽ പുതു ചരിത്രമെഴുതി തിരുവല്ല സ്വദേശി, ബിനോയ് ജോർജ് ഉറുഗ്വേയിലെ ഇന്ത്യൻ അംബാസഡർ; ചരിത്ര നിയമനം

മലയാളികൾക്ക് വീണ്ടും അഭിമാനമായി പുതിയൊരു രാജ്യാന്തര നിയമനം കൂടി. തെക്കനമേരിക്കൻ രാജ്യമായ ഉറുഗ്വേയിലെ പുതിയ ഇന്ത്യൻ അംബാസഡറായി മലയാളിയായ ബിനോയ് ജോർജിനെ നിയമിച്ചു. തിരുവല്ല സ്വദേശിയായ അദ്ദേഹം നിലവിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വീസ വിഭാഗത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2006 ബാച്ച് ഐഎഫ്എസ് (IFS) ഉദ്യോഗസ്ഥനായ ബിനോയ് ജോർജ്, മുൻപ് ബംഗ്ലാദേശിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ഇറ്റലിയിലെ കോൺസുൽ ജനറലായും മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരുവല്ല എംജിഎം ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്ബി കോളേജ്, കേരള കാർഷിക സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, പ്രശസ്തമായ ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ആർഡിഒ ആയി വിരമിച്ച പി.ഡി. ജോർജിന്റെയും ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥ മറിയാമ്മ ചാക്കോയുടെയും മകനാണ്. ദീപാ ജോർജാണ് ഭാര്യ.

നിലവിൽ ജപ്പാനിലെ അംബാസഡറായ നഗ്മ മല്ലിക്ക്, ഓസ്ട്രിയയിലെ അംബാസഡർ ശംഭു എസ്. കുമാരൻ, സെയ്ഷെൽസിലെ അംബാസഡർ രോഹിത് രതീഷ്, ബഹ്റൈനിലെ അംബാസഡർ വിനോദ് കെ. ജേക്കബ്, അംഗോളയിലെ അംബാസഡർ വിധു പി. നായർ തുടങ്ങിയ പ്രമുഖ മലയാളികൾക്കൊപ്പമാണ് ഇപ്പോൾ ബിനോയ് ജോർജും ഉറുഗ്വേയിലെ അംബാസഡറായി ഈ ഉന്നത പദവിയിലേക്ക് എത്തിച്ചേരുന്നത്.

Malayali IFS Officer Binoy George Appointed as India’s New Ambassador to Uruguay

More Stories from this section

family-dental
witywide