ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ മലയാളിയായി ചരിത്രം കുറിക്കാൻ യുഎസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ അനില്‍ മേനോന്‍. അമേരിക്കന്‍ ഫിസീഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനില്‍ മേനോന്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.17-ന് അനില്‍ മേനോന്‍ ബഹിരാകാശ നിലയത്തിലേക്കുളള യാത്ര തിരിക്കും. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എംഎസ് 29- ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര.
2.1 എ റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുന്നത്. കസാഖിസ്താനിലെ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് ഇന്ന് രാത്രി 8.17-ന് പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയരും. രാത്രി 11.56 ഓടെ പേടകം ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. തുര്‍ന്ന് ബുധനാഴ്ച്ച പുലര്‍ച്ചെ 1.25 ഓടെ അനില്‍ മേനോനുള്‍പ്പെട്ട സംഘം ബഹിരാകാശ നിലയത്തിന്റെ 75-ാമത് പര്യവേഷണത്തിന്റെ ഭാഗമായി നിലയത്തിനുളളിലേക്ക് പ്രവേശിക്കും.
റഷ്യക്കാരായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും എട്ട് മാസം ദൈര്‍ഘ്യമുളള യാത്രയില്‍ അനിലിനൊപ്പമുണ്ട്. ബഹിരാകാശത്തുളളവരുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന മാറ്റം, ബഹിരാകാശ നിലയത്തിലെ കുടിവെളളം ഉപയോഗിച്ച് ഐവി ഫ്‌ളൂയിഡ് നിര്‍മ്മിക്കാനുളള സാങ്കേതിക വിദ്യ തുടങ്ങി വിപ്ലവകരമായ മാറ്റമുണ്ടാക്കാവുന്ന പരീക്ഷണങ്ങളാകും അനില്‍ മേനോന്‍ നടത്തുക.
പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. ഉക്രൈന്‍ സ്വദേശിയാണ് അമ്മ. ഹാര്‍വാഡില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദം നേടിയ അനില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുഎസ് വ്യോമസേനയില്‍ കേണലായിരുന്നു.
2014-ലാണ് അനില്‍ മേനോന്‍ ഫ്‌ളൈറ്റ് സര്‍ജനായി നാസയിൽ എത്തിയത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ അനില്‍ ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 2018-ല്‍ സ്‌പേസ് എക്‌സില്‍ ചേര്‍ന്നു. സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്‌ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമാണ്. സ്‌പേസ് എക്‌സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ.
The first Malayali to reach space; Anil Menon’s historic journey to the space station begins today.















