
രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെയും സിജെപിയുടെയും പ്രതിഷേധത്തെ തുടർന്ന് അസാധാരണ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. സിജെപി പ്രക്ഷോഭകർക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമരം പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിലേക്ക് മാറ്റിയതോടെ മേഖലയിൽ കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അതിശക്തമായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി അനുനയ ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും, നിർദ്ദേശങ്ങൾ രാഹുൽ ഗാന്ധിയും കോൺഗ്രസും പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു.
യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ യുവജനങ്ങളുടെ ഭാവി സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, ഈ പ്രശനങ്ങളിൽ വ്യക്തമായ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്റ് എന്നും ചോദ്യമുന്നയിച്ചു. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ, കെ.സി. വേണുഗോപാൽ തുടങ്ങി പ്രമുഖ നേതാക്കൾ തെരുവിലിറങ്ങിയതോടെ ഡൽഹി പോലീസ് സമരക്കാരെ നീക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി ജന്തർമന്തറിൽ പ്രതിഷേധം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ പോലീസ് ബലമായി നീക്കിയതും ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ചുമാറ്റിയതുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഇതേത്തുടർന്നുണ്ടായ പോലീസ് ലാത്തിച്ചാർജ്ജിനെതിരെയാണ് ഇപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വൻ പ്രക്ഷോഭം അരങ്ങേറുന്നത്.
Rahul Gandhi Rejects Centre’s Offer as Protests Escalate Outside PM Residence















