
മുംബൈ: ജൂലൈ 26-ന് മുംബൈയിൽ നടക്കാനിരിക്കുന്ന കൂറ്റൻ പ്രതിഷേധ മാർച്ചിന് മുന്നോടിയായി സാമൂഹിക വിരുദ്ധർക്കും പ്രതിഷേധം തടസ്സപ്പെടുത്താൻ നോക്കുന്നവർക്കും കടുത്ത മുന്നറിയിപ്പുമായി മഹാരാഷ്ട്ര നവ്നിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ. ഞായറാഴ്ച നടക്കുന്ന സമാധാനപരമായ പ്രതിഷേധത്തെ ആരെങ്കിലും തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ അവരെ തല്ലിച്ചതയ്ക്കുമെന്ന് രാജ് താക്കറെ തുറന്നടിച്ചു. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് എം.എൻ.എസും ശിവസേന ഉദ്ധവ് വിഭാഗവും (യു.ബി.ടി) സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് രാജ് താക്കറെയുടെ പ്രസ്താവന.
വാർത്താസമ്മേളനത്തിൽ സംസാരിച്ച രാജ് താക്കറെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രക്ഷോഭങ്ങളെ കേന്ദ്രസർക്കാർ ക്രൂരമായി അടിച്ചമർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുൻപ് ബി.ജെ.പി പ്രതിപക്ഷത്തായിരുന്ന കാലത്ത് നിസ്സാര കാര്യങ്ങൾക്ക് പോലും റോഡിലിറങ്ങി പ്രതിഷേധിക്കുകയും മന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിലും പ്രതിഷേധങ്ങൾ ശക്തമാണ്.
ദില്ലിയിൽ സമരം ചെയ്യുന്ന കോക്ക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് രാജും ഉദ്ധവ് താക്കറെയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ നേരിട്ട് ദില്ലിയിലെത്തി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെയും സി.ജെ.പി നേതാക്കളെയും കണ്ട് പിന്തുണ അറിയിച്ചിരുന്നു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ ക്രമസമാധാന നില ഉറപ്പാക്കാൻ മുംബൈ പൊലീസ് നഗരത്തിലുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജൂലൈ 23 മുതൽ ഓഗസ്റ്റ് 6 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. പ്രകടനങ്ങൾ, ലൗഡ് സ്പീക്കറുകളുടെയും ശബ്ദവർദ്ധക യന്ത്രങ്ങളുടെയും ഉപയോഗം, ബാന്റ് മേളങ്ങൾ, പടക്കം പൊട്ടിക്കൽ എന്നിവയ്ക്കും വിലക്കുണ്ട്.
മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഓപ്പറേഷൻസ്) അക്ബർ പത്താനാണ് ലൗഡ് സ്പീക്കറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
‘If you try to obstruct, you will be beaten up’: Raj Thackeray’s open threat, declaring support for student protests













