
തിരുവനന്തപുരം: കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്കും പൊതുജനങ്ങൾക്കുമായി സപ്ലൈകോ പ്രത്യേക വിലക്കുറവുകളും ഓഫറുകളും പ്രഖ്യാപിച്ചു. കേരളത്തിന്റെ പുരോഗതിക്ക് സാക്ഷ്യം വഹിച്ച മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്കായി സവിശേഷമായ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണ പ്രത്യേക നിരക്കിൽ ലഭിക്കും. വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്ററിന് 229 രൂപ നിരക്കിലാണ് ലഭ്യമാക്കുക. നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
മുതിർന്ന പൗരന്മാർക്കുള്ള ഓഫറിന് പുറമെ എല്ലാ ഉപഭോക്താക്കൾക്കുമായി മറ്റ് രണ്ട് ഓഫറുകൾ കൂടി സപ്ലൈകോ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നിലവിലുള്ള സപ്ലൈകോ വിൽപ്പന വിലയിൽ നിന്ന് ഏഴ് ശതമാനം അധിക വിലക്കുറവ് ലഭിക്കും. നവംബർ 1 മുതൽ 7 വരെയാണ് ഈ ഓഫർ.
കേരളപ്പിറവിയുടെ മധുരം പങ്കുവെക്കാൻ ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ 1 മുതൽ 30 വരെ 10 ശതമാനം പ്രത്യേക വിലക്കുറവ് അനുവദിക്കും. നിലവിലെ സപ്ലൈകോ സബ്‌സിഡി/വിലക്കുറവുകൾക്ക് പുറമെയാണിത്.
Supplyco’s gift to Kerala as it turns 70: Coconut oil for senior citizens at ₹229 per litre; price reductions on payasam mix as well.















