സി.എം.ആർ.എൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്തെത്തി. ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായി വിജയനെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരെ സർക്കാർ അടിയന്തരമായി നടപടിയിലേക്ക് നീങ്ങണമെന്നും, നടപടിയുമായി മുന്നോട്ടുപോകാൻ എത്രപേർ നട്ടെല്ല് കാണിക്കുമെന്ന് കാണാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
കേസിലെ എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ. കൈക്കൊണ്ട നിലപാടുകൾക്ക് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും കെ. സുധാകരൻ വ്യക്തമാക്കി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള നേതാവാണ് മാത്യു കുഴൽനാടൻ. അദ്ദേഹത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ ആരും നോക്കേണ്ടതില്ലെന്നും, തങ്ങളെല്ലാം പൂർണ്ണമായും അദ്ദേഹത്തോടൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
സി.എം.ആർ.എൽ. കേസിൽ ആദ്യമേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതിരുന്നത് തെറ്റാണെന്ന മാത്യു കുഴൽനാടന്റെ വിമർശനം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വലിയ തർക്കത്തിന് വഴിവെച്ചിരുന്നു. യോഗത്തിൽ മുതിർന്ന നേതാക്കളുടെ എതിർപ്പിനെ തുടർന്ന് ഒറ്റപ്പെട്ടതിനെ തുടർന്ന് മാത്യു കുഴൽനാടൻ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഴൽനാടനെ പരസ്യമായി പിന്തുണച്ച് കെ. സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
‘If It’s a Real Government, Action Will Be Taken Against Pinarayi’: K. Sudhakaran Launches Fierce Attack, Backs Kuzhalnadan













