
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിലെത്താനിരിക്കെ ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ചൈന. ഇന്ത്യയുമായി സഹകരിച്ച് ഇരു രാജ്യങ്ങളും നല്ല അയൽബന്ധം പുലർത്തുന്ന സുഹൃത്തുക്കളായും പരസ്പരം വിജയിക്കാൻ സഹായിക്കുന്ന പങ്കാളികളായും തുടരുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് വെള്ളിയാഴ്ച പറഞ്ഞു.
പ്രസിഡന്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യയും ചൈനയും നടത്തിവരികയാണെന്നും അംബാസഡർ എക്‌സിൽ കുറിച്ചു. “കസാനിലും ടിയാൻജിനിലും നടന്ന കൂടിക്കാഴ്ചകൾക്ക് പിന്നാലെ തുടർച്ചയായ മൂന്നാം വർഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്,” അദ്ദേഹം പറഞ്ഞു.
ഇരുനേതാക്കളുടെയും തന്ത്രപരമായ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിനായി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഉഭയകക്ഷി ബന്ധങ്ങളെ ദീർഘകാലവും തന്ത്രപരവുമായ കാഴ്ചപ്പാടോടെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശയവിനിമയം ശക്തമാക്കുക, സഹകരണം വർധിപ്പിക്കുക, അഭിപ്രായവ്യത്യാസങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുക എന്നിവയിലൂടെ നല്ല അയൽബന്ധമുള്ള സുഹൃത്തുക്കളായും പരസ്പരം വിജയിക്കാൻ സഹായിക്കുന്ന പങ്കാളികളായും തുടരുകയാണ് ലക്ഷ്യമെന്നും ഷു ഫെയ്ഹോങ് പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഷി ജിൻപിങ് ശനിയാഴ്ച ന്യൂഡൽഹിയിലെത്തും. ഏകദേശം ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.2020ൽ ലഡാക്കിൽ നടന്ന ഇന്ത്യ–ചൈന സൈനിക സംഘർഷങ്ങൾക്ക് ശേഷം ഉഭയകക്ഷി ബന്ധം സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഷിയുടെ സന്ദർശനം. അതിനാൽ തന്നെ സന്ദർശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമാണുള്ളത്.
2019ൽ ചെന്നൈയ്ക്കു സമീപം മഹാബലിപുരത്ത് പ്രധാനമന്ത്രി മോദിയുമായി അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഷി അവസാനമായി ഇന്ത്യ സന്ദർശിച്ചത്. 2016ൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഗോവയിലെത്തിയിരുന്നു. 2014 സെപ്റ്റംബറിലായിരുന്നു ഷിയുടെ ആദ്യ ഇന്ത്യാ സന്ദർശനം. അന്ന് പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഇരുനേതാക്കളുടെയും ആദ്യ ഭരണകാലത്തായിരുന്നു ഈ സന്ദർശനം.
2020ലെ അതിർത്തി സംഘർഷത്തിന് പിന്നാലെ ഏറെക്കാലമായി മരവിച്ചുകിടന്ന ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഷിയുടെ പുതിയ സന്ദർശനം. 2024ലെ ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യയിലെ കസാനിൽ മോദിയും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി മോദി ചൈന സന്ദർശിച്ചപ്പോഴും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി.
നിലവിൽ ബ്രിക്സ് അധ്യക്ഷരാജ്യമെന്ന നിലയിൽ ഇന്ത്യയാണ് 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലാണ് ഉച്ചകോടി നടക്കുന്നത്.
Will work with India, be friends’: China ahead of PM Modi-Xi meeting in Delhi









