യുഎസ് ഉദ്യോഗസ്ഥരെ വിറപ്പിച്ചു; വ്യാജ ബോംബ് ഭീഷണി മുഴക്കിയ റൊമാനിയൻ യുവാവിന് 4 വർഷം തടവ്

വാഷിംഗ്ടൺ: അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും നേരെ നൂറുകണക്കിന് വ്യാജ ബോംബ് ഭീഷണികളും സ്വാറ്റിംഗ് കോളുകളും നടത്തിയ റൊമാനിയൻ സ്വദേശിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. 27 കാരനായ തോമസ് സാബോയെയാണ് വാഷിംഗ്ടൺ ഡി.സിയിലെ ഫെഡറൽ കോടതി ശിക്ഷിച്ചത്.

ഒരാളുടെ വീട്ടിൽ വെടിവെപ്പോ കൊലപാതകമോ നടക്കുന്നുണ്ടെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അവിടേക്ക് കമാൻഡോകളെ അയക്കുന്ന രീതിയാണ് ‘സ്വാറ്റിംഗ്’. സാബോയും സംഘവും 2020 മുതൽ അമേരിക്കയിലെ ഫെഡറൽ ജഡ്ജിമാർ, ക്യാബിനറ്റ് മന്ത്രിമാർ, രഹസ്യാന്വേഷണ ഏജൻസി തലവന്മാർ എന്നിവരെ ലക്ഷ്യമിട്ട് ഇത്തരം നൂറുകണക്കിന് കോളുകൾ ചെയ്തിരുന്നു.

റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ നേതാക്കളെ ഒരുപോലെ ഇവർ ലക്ഷ്യം വെച്ചിരുന്നു. “തങ്ങൾ ഒരു പക്ഷത്തുമില്ലെന്നും വിനോദത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും” പ്രതികൾ ചാറ്റ് സെർവറുകളിൽ പങ്കുവെച്ചിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങൾ മൂലം യഥാർത്ഥ അത്യാഹിതങ്ങൾ നടക്കുമ്പോൾ പൊലീസിൻ്റെ സേവനം ലഭ്യമാകാത്ത സാഹചര്യം ഉണ്ടായതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

റൊമാനിയയിൽ നിന്ന് പിടികൂടിയ സാബോയെ 2024 നവംബറിലാണ് യുഎസിന് കൈമാറിയത്. നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം മൂന്ന് വർഷം കൂടി ഇയാൾ നിരീക്ഷണത്തിലായിരിക്കും. രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് അറ്റോർണി ജീനിൻ പിറോ വ്യക്തമാക്കി.

Romanian man who made fake bomb threat to US officials gets 4 years in prison

More Stories from this section

family-dental
witywide