
ന്യൂഡൽഹി: ‘വൈവിധ്യത്തിൽ ഏകത്വം’ ഭാരതത്തിൻ്റെ ഡിഎൻഎയിലുള്ളതാണെന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവതിൻ്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ രംഗത്ത്. വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിനകത്ത് ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്ന ഭാഗവത് വിദേശത്ത് പോയി വാചാലനാകുന്നതിനെയാണ് സ്വതന്ത്ര എംപിയായ സിബൽ പരിഹസിച്ചത്.
ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ‘യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ’ ചടങ്ങിൽ സംസാരിക്കവെയാണ് മോഹൻ ഭാഗവത് പരാമർശം നടത്തിയത്. വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടണമെന്നും അത് ഭാരതത്തിൻ്റെ സ്വത്വമാണെന്നുമായിരുന്നു ഭാഗവതിൻ്റെ പ്രസ്താവന.
ഇതിനോട് പ്രതികരിച്ചുകൊണ്ട് കപിൽ സിബൽ തന്റെ എക്സ് (X) ഹാൻഡിലിൽ കുറിച്ചതിങ്ങനെ: “ന്യൂയോർക്കിൽ ഭാഗവത് പറയുന്നു: ‘വൈവിധ്യം നമ്മുടെ അന്തർലീനമായ ഏകത്വത്തിന്റെ അലങ്കാരമാണ്. അത് സംരക്ഷിക്കപ്പെടണം.’ വിദേശത്ത് ജ്ഞാനമുള്ള വാക്കുകൾ, നാട്ടിൽ മൗനം! വാക്കുകൾക്കല്ല പ്രാധാന്യം, പ്രവൃത്തിയാണ് സംസാരിക്കേണ്ടത്!”
അമേരിക്കയെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ബഹുസ്വരത’ എന്ന വാക്കാണ് ഉയർന്നു വരാറുള്ളതെന്നും എന്നാൽ ഭാരതത്തെക്കുറിച്ച് പറയുമ്പോൾ അത് ‘വൈവിധ്യത്തിൽ ഏകത്വം’ ആണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ലോകത്തിന് ഈ ഏകത്വം മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഭാരതത്തിൻ്റെ നിയോഗമെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
‘Silent at home, talkative abroad’: Kapil Sibal slams RSS chief Mohan Bhagwat











