
സംസ്ഥാന കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന വിവാദത്തിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശിയും കായിക അധ്യാപകനുമായ ജിജോ ജെയിംസിനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണ വിധേയമായി ജിജോയെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് മേള അലങ്കോലമാക്കാനും സംഘർഷമുണ്ടാക്കാനും മനഃപൂർവം ശ്രമം നടന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും ആരോപിച്ചു.
അതേസമയം ജിജോ ജെയിംസിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ ചൊല്ലി സി.പി.എമ്മും കോൺഗ്രസും തമ്മിൽ കടുത്ത വാക്പോര് ആരംഭിച്ചിട്ടുണ്ട്. ജിജോ ജെയിംസ് പ്രാദേശിക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച വ്യക്തിയാണെന്ന് ഇടത് നേതാവ് പി. സരിൻ ഫെയ്സ്ബുക്കിലൂടെ ആരോപിച്ചു. അറസ്റ്റിലായയാൾ കോൺഗ്രസ് പശ്ചാത്തലമുള്ളയാളാണെന്ന് വ്യക്തമായിട്ടും വിഷയം സി.പി.എമ്മിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷവും പ്രമുഖ മാധ്യമങ്ങളും ശ്രമിച്ചതെന്നും സരിൻ കുറ്റപ്പെടുത്തി.
എന്നാൽ സരിന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കെ.പി.സി.സി വക്താവ് അഡ്വ. വസന്ത് സിറിയക് രംഗത്തെത്തി. 2020-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പിന്നീട് ഇയാൾ പാർട്ടി വിട്ട് ഡി.വൈ.എഫ്.ഐയിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപ് കോൺഗ്രസിൽ മത്സരിച്ചു എന്ന കാരണത്താൽ ആറുവർഷത്തിന് ശേഷവും ഒരാളെ കോൺഗ്രസുകാരനായി ചിത്രീകരിക്കുകയാണെങ്കിൽ, 2021-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സരിനും അതേ മാനദണ്ഡം ബാധകമല്ലേ എന്നും വസന്ത് സിറിയക് ചോദിച്ചു.
Sports Meet Meal Controversy: Accused Teacher Remanded; CPM and Congress Trade Charges Over Political Allegiance














