സമാധാനത്തിലേക്കുള്ള വഴിയുടെ ആദ്യ പടി; വലിയ പ്രതീക്ഷ പങ്കുവെച്ച് റൂബിയോ; ഇസ്രായേൽ – ലബനൻ ചരിത്രപരമായ ചർച്ചകൾ വാഷിംഗ്ടണിൽ

വാഷിം​ഗ്ടൺ: അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ആസ്ഥാനത്ത് ഇസ്രായേലും ലബനനും തമ്മിലുള്ള നിർണ്ണായകമായ നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സുസ്ഥിരവും ക്രിയാത്മകവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയാണ് നേതൃത്വം നൽകുന്നത്. ലബനനിലെ ജനങ്ങൾക്ക് അർഹമായ മികച്ച ഭാവി ഉറപ്പാക്കുന്നതിനും ഇസ്രായേൽ ജനതയ്ക്ക് ഭയരഹിതമായ ജീവിതം സാധ്യമാക്കുന്നതിനുമുള്ള ഒരു പൊതു ചട്ടക്കൂട് രൂപീകരിക്കുകയാണ് ഈ ചർച്ചകളുടെ പ്രാഥമിക ലക്ഷ്യമെന്ന് റൂബിയോ വ്യക്തമാക്കി.

വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്കൊപ്പം ലബനനിലെ അമേരിക്കൻ അംബാസഡർ മിഷേൽ ഈസ, യുഎന്നിലെ അമേരിക്കൻ പ്രതിനിധി മൈക്ക് വാൾട്ട്‌സ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കൗൺസിലർ മൈക്ക് നീധാം എന്നിവർ അമേരിക്കയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. ലബനൻ അംബാസഡർ നാദ ഹമാദെയും ഇസ്രായേൽ അംബാസഡർ യെഹിയൽ ലൈറ്ററും തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ചർച്ചാ മേശയിലെത്തി. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾ ഏതാനും മണിക്കൂറുകൾ കൊണ്ട് പരിഹരിക്കാനാവില്ലെന്നും എന്നാൽ സമാധാനത്തിലേക്കുള്ള ദീർഘകാല പ്രക്രിയയുടെ ആദ്യ പടിയാണ് ഇതെന്നും റൂബിയോ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നാണ് സൂചന.

More Stories from this section

family-dental
witywide