
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പ്രമുഖ വാർത്താ അവതാരക റാബിയ അഹ്സാൻ (41) റാവൽപിണ്ടിയിലെ വസതിയിൽ വെടിയേറ്റു മരിച്ചു. സംഭവത്തിൽ ഇവരുടെ ഭർത്താവും ഓവർസീസ് പാകിസ്താനീസ് ഫൗണ്ടേഷൻ ഡെപ്യൂട്ടി ഡയറക്ടറുമായ അഹ്സാൻ താഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് റാബിയയെ കിടപ്പുമുറിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ റാബിയയുടെ അമ്മയും സഹോദരിയും വീടിന്റെ മുറ്റത്തുണ്ടായിരുന്നു. വെടിശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റാബിയയെയും കയ്യിൽ തോക്കുമായി നിൽക്കുന്ന അഹ്സാൻ താഹിറിനെയുമാണ് കണ്ടതെന്ന് സഹോദരി അൽവിന പോലീസിന് മൊഴി നൽകി. റാബിയയുടെ കഴുത്തിന് താഴെയും മുതുകിന്റെ വലതുഭാഗത്തുമായി വെടിയേറ്റ മുറിവുകളുണ്ട്.
എന്നാൽ കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് ഭർത്താവ് താഹിർ പോലീസിനോട് അവകാശപ്പെട്ടത്. ഇയാൾക്ക് തോക്കിന്റെ ലൈസൻസ് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രമുഖ മാധ്യമസ്ഥാപനമായ ‘92 ന്യൂസ്’ ചാനലിലെ മുതിർന്ന വാർത്താ അവതാരകയായിരുന്നു റാബിയ അഹ്സാൻ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
Pakistani News Anchor Rabia Ahsan Shot Dead; Husband Taken into Custody












