
കീവ്: യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള പ്രമുഖ ഫാർമസ്യൂട്ടിക്കൽ വെയർഹൗസ് തകർന്നു. ആക്രമണത്തിൽ വെയർഹൗസിലെ 52 വയസ്സുകാരനായ ജീവനക്കാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പുലർച്ചെയായിരുന്നു ജനവാസ മേഖലകളെയും വ്യവസായ ശാലകളെയും ലക്ഷ്യമിട്ട് റഷ്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയത്. കീവിലെ പിവ്നിച്നി പാലത്തിന് നേരെയും ഇതേസമയം ആക്രമണമുണ്ടായി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാധാരണക്കാർക്കും ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ സൂക്ഷിച്ചിരുന്ന വെയർഹൗസാണ് റഷ്യ തകർത്തത്.
കൊല്ലപ്പെട്ട ജീവനക്കാരന്റെ കുടുംബത്തെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അനുശോചനം അറിയിച്ചു. സൈനിക താവളമല്ലാത്ത, സാധാരണക്കാർക്ക് മരുന്ന് എത്തിക്കുന്ന വെയർഹൗസിന് നേരെ റഷ്യ നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് സെലൻസ്കി പറഞ്ഞു.
സംഭവത്തിൽ ഇന്ത്യയിലെ യുക്രെയ്ൻ എംബസി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. “ആക്രമിക്കപ്പെട്ടത് സൈനിക ലക്ഷ്യമല്ലെന്നോ, അത്യാവശ്യ മരുന്നുകൾ നിർമ്മിക്കുന്ന ഫാക്ടറിയാണെന്നോ ഉള്ള യാതൊരു പരിഗണനയും റഷ്യൻ അക്രമികൾ കാണിച്ചില്ല. ഫാക്ടറി ഇന്ത്യൻ ഉടമസ്ഥതയിലുള്ളതാണെന്ന വസ്തുത പോലും അവർ അവഗണിച്ചു,” എംബസി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇന്ത്യയുമായി ‘ചരിത്രപരമായ സൗഹൃദം’ ഉണ്ടെന്ന് പറയുന്ന റഷ്യൻ ഫാസിസത്തിന്റെ യഥാർത്ഥ മുഖമാണ് ഈ തകർച്ചയിലൂടെ പുറത്തുവരുന്നതെന്നും, ഫാക്ടറി ഉടമകളായ ഇന്ത്യൻ വ്യവസായികളോട് ആത്മാർത്ഥമായ സഹതാപം രേഖപ്പെടുത്തുന്നതായും യുക്രെയ്ൻ എംബസി വ്യക്തമാക്കി.
റഷ്യ-യുക്രെയ്ൻ യുദ്ധം ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യ ഇരുരാജ്യങ്ങളുമായും ഉഭയകക്ഷി ചർച്ചകൾ ശക്തമാക്കിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ആശയങ്ങളുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യൻ സ്ഥാപനത്തിന് നേരെ റഷ്യൻ ആക്രമണം ഉണ്ടായത് എന്നത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായിട്ടുണ്ട്.
Russian Airstrike: Indian Pharmaceutical Warehouse Destroyed in Ukraine; Employee Killed












