കീവ്: റഷ്യൻ ആക്രമണത്തിൽ ഊർജമേഖല തകർന്നതോടെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ട് യുക്രെയ്ൻ. ദിവസവും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. വീടുകളിൽ വെളിച്ചവും വെള്ളവും ചൂടും ലഭിക്കാത്ത സ്ഥിതിയാണ്. ശൈത്യകാലം കടുക്കുന്നതിനിടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് അധികൃതർ.
തലസ്ഥാനമായ കീവിലാണ് വൈദ്യുതി നിയന്ത്രണം ഏറ്റവും രൂക്ഷം. ചില പ്രദേശങ്ങളിൽ 20 മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നുണ്ട്. മെട്രോ ട്രെയിനുകളുടെയും ട്രോളിബസുകളുടെയും സർവീസുകളെയും ഇത് ബാധിച്ചു. വൈദ്യുതി നിലയ്ക്കുന്നതോടെ ജലവിതരണവും നിലയ്ക്കുന്നതിനാൽ ഉയർന്ന നിലകളിലെ ഫ്ലാറ്റുകളിൽ കഴിയുന്നവർ കൂടുതൽ ദുരിതത്തിലാകുന്നു.
യുക്രെയ്നിലെ ഏറ്റവും വലിയ വൈദ്യുതിനിലയങ്ങളിലൊന്നിന് നേരെയുണ്ടായ റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിലയം പൂർണമായും പ്രവർത്തനരഹിതമായിരിക്കുകയാണ്. ടർബൈനുകളും പൈപ്പുകളും ഉൾപ്പെടെ തകർന്ന നിലയത്തിന്റെ പുനർനിർമാണത്തിന് അടുത്ത വേനൽക്കാലം വരെയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. തുടർച്ചയായ വ്യോമാക്രമണ മുന്നറിയിപ്പുകൾ കാരണം തൊഴിലാളികൾക്ക് ദിവസവും ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് ഫലപ്രദമായി ജോലി ചെയ്യാനാകുന്നത്.
ഓഗസ്റ്റ് മുതൽ ഊർജകേന്ദ്രങ്ങൾക്കുനേരെ മിക്കവാറും ദിവസവും റഷ്യ ആക്രമണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതി തൂണുകളിലും കേബിളുകളിലും ഒളിപ്പിച്ച് സ്ഥാപിക്കുന്ന ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിക്കുന്നതായി യുക്രെയ്ൻ ആരോപിക്കുന്നു.
രാജ്യത്ത് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ശേഷിയുണ്ടെങ്കിലും തകർന്ന വൈദ്യുതി ലൈനുകളും സബ്സ്റ്റേഷനുകളും കാരണം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിതരണം തടസ്സപ്പെടുകയാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം ശക്തിയിലാണ് റഷ്യയുടെ ആക്രമണമെന്ന് യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജകമ്പനിയായ ഡിടിഇകെയുടെ മേധാവി മാക്സിം ടിംചെങ്കോയും വ്യക്തമാക്കി.
‘No light, no water, no heat’: Ukrainians struggle with blackouts as Russia hits power grid












