യുക്രെയ്നിലെ ഷോപ്പിംഗ് മാളിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം ; അഞ്ച് മരണം, എട്ട് കുട്ടികളടക്കം 67 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിലെ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലുള്ള പാവ്ലോഹ്രാഡ് നഗരത്തിലെ ഷോപ്പിംഗ് മാളിന് നേരെ റഷ്യ നടത്തിയ ക്രൂരമായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടു. എട്ട് കുട്ടികൾ ഉൾപ്പെടെ 67 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും യുക്രേനിയൻ അധികൃതർ സ്ഥിരീകരിച്ചു.

പകൽസമയത്ത് തെരുവുകളിൽ ജനത്തിരക്കുള്ള സമയത്തായിരുന്നു ആക്രമണം നടന്നത്. ഷോപ്പിംഗ് മാളിന് സമീപം സാധാരണക്കാരായ ആളുകൾ നിൽക്കുമ്പോഴാണ് റഷ്യൻ ഡ്രോണുകൾ വന്നിടിച്ചതെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ആക്രമണത്തിൽ നിരവധി കടകളും വാഹനങ്ങളും പൂർണ്ണമായി തകർന്നു. സംഭവസ്ഥലത്ത് യുക്രെയ്ൻ ദുരന്തനിവാരണ സേനാംഗങ്ങൾ എത്തി തീയണയ്ക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

സാധാരണക്കാരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള റഷ്യയുടെ “ബലപ്രയോഗ തന്ത്രത്തിൻ്റെ” ഭാഗമാണിതെന്ന് യുക്രേനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ ആരോപിച്ചു. ഈ ആഴ്ചയിൽ മാത്രം സപ്പോറീഷ്യ, സുമി എന്നീ നഗരങ്ങളിലെ ഷോപ്പിംഗ് മാളുകൾക്ക് നേരെയും റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു.

അതേസമയം, റഷ്യൻ റിസോർട്ട് നഗരമായ സോച്ചിക്ക് നേരെ ഉക്രെയ്ൻ നടത്തിയ കടൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. ബെൽഗൊറോഡ് മേഖലയിലുണ്ടായ മറ്റൊരു യുക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ റഷ്യൻ നിയന്ത്രണത്തിലുള്ള സപ്പോറീഷ്യയിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ 15 വയസ്സുകാരിയായ പെൺകുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നാലര വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രതിനിധികൾ മോസ്കോയിലും കൈവിലും എത്തി പുടിനുമായും സെലെൻസ്കിയുമായും ചർച്ചകൾ നടത്തിയെങ്കിലും സമാധാന ശ്രമങ്ങൾ ഇതുവരെയും ലക്ഷ്യം കണ്ടിട്ടില്ല.

Russian drone attack on a shopping mall in Ukraine; five dead, 67 injured, including eight children.

More Stories from this section

family-dental
witywide