യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം; കുട്ടികളടക്കം എട്ടുപേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുട്ടികളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ജനവാസ മേഖലകളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കീവിന് നേരെ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ബുധനാഴ്ച രാത്രിയോടെയാണ് കീവിനെ നടുക്കിയ ആക്രമണ പരമ്പര ആരംഭിച്ചത്. റഷ്യൻ സൈന്യം തൊടുത്തുവിട്ട ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും കീവിലെ ജനവാസ മേഖലകളിൽ പതിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് നഗരത്തിലെ പല പ്രമുഖ കെട്ടിടങ്ങൾക്കും തീപിടിച്ചു. ഒരു പ്രമുഖ ഹോട്ടലും ആംബുലൻസ് സ്റ്റേഷനും തകർന്നവയിൽ ഉൾപ്പെടുന്നു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

റഷ്യ വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് യുക്രയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് അദ്ദേഹം തൻ്റെ ഡബ്ലിൻ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് മടങ്ങിയത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

അതേസമയം, യുക്രെയ്നിലെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അയൽരാജ്യവും നാറ്റോ അംഗവുമായ പോളണ്ട് തങ്ങളുടെ വ്യോമാതിർത്തിയിൽ സുരക്ഷ ശക്തമാക്കി. ഇതിൻ്റെ ഭാഗമായി പോളണ്ട് യുദ്ധവിമാനങ്ങൾ സജ്ജമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലവിൽ യുക്രെയ്ൻ്രെ അഞ്ചിലൊന്ന് ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്.

Russia’s massive missile-drone attack on Ukraine capital; Eight people, including children, killed

More Stories from this section

family-dental
witywide