
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തുപകരാൻ അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് Su-57 സംയുക്തമായി നിർമിക്കാമെന്ന വൻ ഓഫറുമായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. സാങ്കേതികവിദ്യ പൂർണ്ണമായി കൈമാറാൻ തയ്യാറാണെന്നും പ്രതിരോധ സഹകരണത്തിൽ ഇന്ത്യയ്ക്ക് മേൽ റഷ്യ യാതൊരു നിയന്ത്രണങ്ങളും വെക്കില്ലെന്നും പുടിൻ വ്യക്തമാക്കി. സാങ്കേതികവിദ്യ കൈമാറ്റത്തിൽ പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രണങ്ങൾ വെക്കുന്നതിനിടയിലാണ് റഷ്യയുടെ ഈ നീക്കം.
നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ ഇല്ല. അയൽരാജ്യമായ പാകിസ്ഥാൻ ചൈനയുടെ കയ്യിൽ നിന്നും ‘ഷെന്യാങ് J-35AE’ സ്റ്റെൽത്ത് വിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ വിമാനം സേനയുടെ ഭാഗമാകാൻ 2030-കളുടെ പകുതിയാകും. ഈ സാഹചര്യത്തിൽ വ്യോമസേനയിലെ വിടവ് നികത്താൻ സുഖോയ് Su-57 വിമാനങ്ങൾ സഹായിക്കും.
2018-ൽ ‘എഫ്.ജിഎഫ്.എ’ എന്ന പേരിൽ ഈ പദ്ധതിയിൽ പങ്കാളിയാകാൻ റഷ്യ ക്ഷണിച്ചപ്പോൾ ഇന്ത്യ വിമുഖത കാണിച്ചിരുന്നു. വിമാനത്തിൻ്റെ സ്റ്റെൽത്ത് (റഡാറുകളിൽ പെടാത്ത) ശേഷിയിലെ കുറവും സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലെ തർക്കങ്ങളുമായിരുന്നു അന്ന് ഇന്ത്യയെ പിന്നോട്ട് വലിച്ചത്. എന്നാൽ പുതിയ ഓഫറിലൂടെ റഷ്യ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായാണ് സൂചന. കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ താൽക്കാലിക പരിഹാരമായി ഇന്ത്യ 40 പുതുതലമുറ സുഖോയ് വിമാനങ്ങൾ ഓർഡർ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക എഫ്-35 വിമാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുത്തൻ നീക്കം. അമേരിക്കയുടെ എഫ്-35, റഷ്യയുടെ സുഖോയ്-57 എന്നിവയിൽ ഇന്ത്യ ഏത് തിരഞ്ഞെടുക്കുമെന്നാണ് ഇനി അറിയേണ്ടത്.
Russia’s support to India to counter threats including from Pakistan; Putin’s offer to jointly produce Sukhoi Su-57















