
വാഷിംഗ്ടൺ: വാഷിംഗ്ടണിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ നിർമ്മാണ പദ്ധതികൾക്ക് വഴിതുറക്കുന്നതിനായി, രാജ്യത്തെ ചരിത്രപരമായ കെട്ടിടങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഫെഡറൽ നിയമങ്ങളിൽ ഭേദഗതി വരുത്താൻ ട്രംപ് ഭരണകൂടം രഹസ്യ നീക്കം ആരംഭിച്ചു.
അമേരിക്കയിലെ ചരിത്രപരവും പുരാവസ്തു പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളെ സംരക്ഷിക്കുന്ന 1966-ലെ ‘ദേശീയ ചരിത്ര സംരക്ഷണ നിയമം’ നടപ്പിലാക്കുന്നതിൽ നിർണ്ണായകമായ ചില പ്രധാന നിയമങ്ങളിൽ മാറ്റം വരുത്താൻ സ്വതന്ത്ര ഫെഡറൽ ഏജൻസിയായ അഡ്വൈസറി കൗൺസിൽ ഓൺ ഹിസ്റ്റോറിക് പ്രിസർവേഷൻ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെഡറൽ നിർമ്മാണ പദ്ധതികൾ ചരിത്ര സ്ഥലങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താൻ നിർബന്ധമാക്കുന്ന നിയമത്തിലെ ‘സെക്ഷൻ 106’ ആണ് തിരുത്താൻ ഉദ്ദേശിക്കുന്നത്.
നിർദ്ദിഷ്ട ‘ട്രയംഫൽ ആർച്ച്’ നിർമ്മാണം, കെന്നഡി സെന്‍ററിന് പ്രസിഡന്‍റിന്‍റെ പേര് നൽകൽ, ലിങ്കൺ മെമ്മോറിയൽ റിഫ്ലക്റ്റിംഗ് പൂളിന്റെ നവീകരണം, ഈസ്റ്റ് പൊട്ടോമാക് പാർക്കിലെ ഗോൾഫ് കോഴ്സ് ഏറ്റെടുക്കൽ തുടങ്ങി ട്രംപ് മുന്നോട്ടുവെച്ച നിരവധി വിവാദ പദ്ധതികൾക്കെതിരായ നിയമപോരാട്ടങ്ങളിൽ ഈ സംരക്ഷണ നിയമങ്ങൾ പ്രധാന തടസ്സമായിരുന്നു. സെക്ഷൻ 106ൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് ജൂലൈ 24നകം വോട്ട് രേഖപ്പെടുത്താൻ ഏജൻസി അംഗങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വന്നാൽ പൈതൃക സ്ഥലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന പദ്ധതികൾക്ക് മേലുള്ള മേൽനോട്ടാധികാരം ഇല്ലാതാകുമെന്നും നിയമത്തിന്റെ അന്തസ്സത്ത തന്നെ തകരുമെന്നും പരിസ്ഥിതി-പൈതൃക സംരക്ഷകർ ശക്തമായി മുന്നറിയിപ്പ് നൽകുന്നു.















