ഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ ബാബ് അൽ മന്ദേബിലും ഭീഷണി; ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു, ബ്രെന്റ് ക്രൂഡ് 90 ഡോളർ കടന്നു

റിയാദ്/ലണ്ടൻ: ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതി ഭീകരർ സൗദി അറേബ്യൻ ചരക്കുകപ്പലുകൾക്ക് നേരെ ചെങ്കടലിൽ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടാകുന്നതിനിടയിലാണ് തെക്കൻ ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തും കടുത്ത സുരക്ഷാ ഭീഷണിയിലായിരിക്കുന്നത്.

ഇതോടെ അന്താരാഷ്ട്ര എണ്ണ സൂചികയായ ‘ബ്രെന്റ് ക്രൂഡ്’ ബാരലിന് 1.8 ശതമാനം വർദ്ധിച്ച് 90.85 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡ് ഓയിൽ സൂചികയായ WTI 83.97 ഡോളറിലേക്ക് ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമായ ഈ ഒറ്റ മാസത്തിനിടെ ബ്രെന്റ് ക്രൂഡ് വിലയിൽ ബാരലിന് ഏകദേശം 20 ഡോളറോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

“ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ, ലഭ്യമായ എണ്ണ സംഭരണ ശേഖരത്തിൽ കാര്യമായ കുറവ് വരുന്നുണ്ട്. ശത്രുതയും ആക്രമണങ്ങളും തുടരുമ്പോൾ ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സ്ഥാനമില്ല.” ഇന്റർനാഷണൽ എനർജി ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിരോൾ പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ഒഴിവാക്കാനായി സൗദി അറേബ്യ ചെങ്കടൽ തീരത്തുള്ള ‘യാൻബു’ തുറമുഖം വഴിയുള്ള എണ്ണക്കയറ്റുമതി പ്രതിദിനം 40 ലക്ഷം ബാരലായി വർദ്ധിപ്പിച്ചിരുന്നു.

എന്നാൽ ഈ എണ്ണയിൽ പ്രതിദിനം 2.5 മില്യൺ ബാരലോളം തെക്ക് ഭാഗത്തേക്ക് ബാബ് അൽ-മന്ദേബ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നതെന്ന് പ്രമുഖ ഊർജ്ജ ഗവേഷണ സ്ഥാപനമായ ‘റൈസ്റ്റാഡ് എനർജി’ വ്യക്തമാക്കി. സൗദിയുടെ പ്രധാന ബദൽ കയറ്റുമതി പാതയും ഇപ്പോൾ ഹൂതികളുടെ ആക്രമണ ഭീഷണിക്ക് കീഴിലായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുത്തില്ലെങ്കിൽ ആഗോള ഊർജ്ജ സുരക്ഷ വരുംദിവസങ്ങളിൽ അതിഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി വീണ്ടും മുന്നറിയിപ്പ് നൽകി. ചെങ്കടലിലും ഗൾഫ് മേഖലയിലുമുണ്ടാകുന്ന പുതിയ സൈനിക വികാസങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ധന വിപണിയെയും ഒരുപോലെ വലിയ തകർച്ചയിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide