തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയായിരുന്നുവെന്നും താൻ വ്യക്തിഗതമായി മുന്നോട്ടുവന്ന സ്പോൺസറല്ലെന്നും മൊഴി നൽകി ആൻ്റോ അഗസ്റ്റിൻ. ഇതോടെ ആൻ്റോ അഗസ്റ്റിൻ്റെ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട ജിഎസ്ടി കുടിശ്ശിക തർക്കങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ പിന്മാറിയതിനെത്തുടർന്ന്, അന്നത്തെ കായികമന്ത്രി വി. അബ്‌ദുറഹ്‌മാന്റെ പൂർണ അറിവോടെയാണ് സ്പോൺസറാകാൻ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയെയും ആന്റോ അഗസ്റ്റിനെയും സർക്കാർ സമീപിച്ചതെന്ന് യു. ഷറഫലിയും സമ്മതിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒരു ചില്ലിക്കാശ് പോലും സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നാണ് അന്നത്തെ കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ വിശദീകരിച്ചിരുന്നത്. ഓഗസ്റ്റ് 11-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുൻമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അർജൻറീന ഫുട്ബോൾ അസോസിയേഷനും സ്പോൺസറും തമ്മിലാണ് മത്സരം നടത്താൻ കരാർ ഒപ്പിട്ടതെന്നും പൊതുമേഖലാ ബാങ്ക് വഴിയാണ് തുക കൈമാറിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, മൂട്ടിൽ മരംമുറി കേസ്, ബാങ്ക് ഓഫ് ഒമാൻ തട്ടിപ്പ് കേസ് തുടങ്ങി നിരവധി വെട്ടിപ്പ് കേസുകളിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്പോൺസറാക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെന്ന ചോദ്യവും ഉയരുകയാണ്.
കൂടാതെ, ജിഎസ്‌ടി അടയ്ക്കാൻ തയ്യാറല്ലെന് ആൻ്റോയുടെ നിലപാടിൽ ജിഎസ്ടിയുമായുള്ള തർക്കവും മുറുകുകയാണ്. സ്പോർട്സ് ഇവൻ്റുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നിട്ടുള്ളതിനാൽ അതിന്റെ ഭാഗമായുള്ള ജിഎസ്ടി തുകയും പിഴയും അടയ്ക്കാൻ ആൻ്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയും നിയമപരമായി ബാധ്യസ്ഥരാണെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. പിണറായി സർക്കാരിന്റെ കാലത്തുതന്നെ കണ്ടെത്തിയ ഈ കുടിശ്ശികയിൽ പലതവണ നോട്ടീസ് നൽകിയതിനെത്തുടർന്ന് ഓഗസ്റ്റ് 3-നാണ് ആന്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട്ടെ ഓഫീസിലെത്തി മൊഴി നൽകിയത്.
എന്നാൽ, മത്സരം നടന്നിട്ടില്ലാത്തതിനാൽ ജിഎസ്ടിയോ പിഴയോ അടയ്ക്കില്ലെന്ന നിലപാടിലാണ് ആന്റോ അഗസ്റ്റിൻ. ഈ വാദത്തിന് നിയമസാധുതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കളി നടന്നിട്ടില്ലെങ്കിൽ ജിഎസ്ടി അടച്ച ശേഷം റിട്ടേൺ ഫയൽ ചെയ്ത് തുക റീഫണ്ടായി തിരികെ വാങ്ങാമെന്നും അല്ലാതെ നികുതി അടയ്ക്കാതിരിക്കാൻ കഴിയില്ലെന്നുമാണ് ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നത്.
Messi’s Kerala visit: Anto Augustine states it was a government event; GST will not be paid as the match did not take place.










