വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷത്തിന് വിരാമമിടാൻ അമേരിക്കയും ഇറാനും തമ്മിൽ പുതിയ സമാധാന കരാറിൽ ധാരണയായതോടെ ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കാനിരിക്കുന്ന കരാറിന്റെ കരട് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്ലൂംബെർഗ് പുറത്തുവിട്ട 14 പോയിന്റുകളുള്ള കരട് ധാരണാപത്രപ്രകാരം, ഇറാന് വൻ സാമ്പത്തിക ഇളവുകളാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. ഉടൻ തന്നെ എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ അനുമതി നൽകുക, 300 ബില്യൺ ഡോളറിന്റെ വികസന ഫണ്ട് ഒരുക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.
കരാർ പ്രാബല്യത്തിൽ വന്നാൽ ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലുമുള്ള യുദ്ധത്തിന് സ്ഥിരമായ വിരാമമുണ്ടാകുമെന്നും രേഖയിൽ പറയുന്നു. ഇറാന്റെ പുനർനിർമാണത്തിനും സാമ്പത്തിക വികസനത്തിനുമായി അമേരിക്കയും അതിന്റെ പ്രാദേശിക പങ്കാളികളും ചേർന്ന് 300 ബില്യൺ ഡോളർ വരെയുള്ള ധനസഹായ പദ്ധതി നടപ്പാക്കും.അതേസമയം, ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഉൾപ്പെടെയുള്ള എല്ലാ ഉപരോധങ്ങളും നിശ്ചിത സമയക്രമത്തിൽ പിൻവലിക്കുമെന്നും കരടിൽ വ്യക്തമാക്കുന്നു. കരാർ ഒപ്പുവച്ചതിന് പിന്നാലെ 60 ദിവസത്തേക്ക് ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും അനുബന്ധ ബാങ്കിംഗ്, ഇൻഷുറൻസ്, ഗതാഗത സേവനങ്ങൾക്കും അമേരിക്ക ഇളവ് അനുവദിക്കും.
ലോകമെമ്പാടുമുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ മൂല്യം 24 ബില്യൺ മുതൽ 100 ബില്യൺ ഡോളർ വരെ വരുമെന്നാണ് കണക്കുകൾ. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അമേരിക്കയും മറ്റ് രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് ഈ ആസ്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ച നടത്തിയിരുന്നു. 300 ബില്യൺ ഡോളർ വികസന ഫണ്ട് രൂപീകരിക്കുന്നതിൽ ഈ രാജ്യങ്ങൾക്കും പങ്കുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ കരാറിനെതിരെ വിമർശനങ്ങളും ശക്തമാണ്. 2015-ലെ ഇറാൻ ആണവ കരാറിനെ രൂക്ഷമായി വിമർശിച്ച ട്രംപ് ഇപ്പോൾ അതേ മാതൃക പിന്തുടരുകയാണെന്നാണ് വിമർശകരുടെ ആരോപണം. ഇതിന് മറുപടിയായി അമേരിക്കൻ ഉപരാഷ്ട്രപതി ജെഡി വാൻസ് വ്യക്തമാക്കിയത്, 300 ബില്യൺ ഡോളർ അമേരിക്കൻ നികുതിദായകരുടെ പണത്തിൽ നിന്നല്ല വരികയെന്നും, ഇറാൻ ആണവ പദ്ധതി പൂർണമായി ഉപേക്ഷിക്കുകയും സമ്പുഷ്ട യുറേനിയം നശിപ്പിക്കുകയും അന്താരാഷ്ട്ര പരിശോധനകൾക്ക് വഴങ്ങുകയും ചെയ്താൽ മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കൂ എന്നുമാണ്.
ഹോർമുസ് കടലിടുക്കിലെ സ്വതന്ത്ര കപ്പൽ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകൾ ഇറാൻ പാലിച്ചാൽ മാത്രമേ കരാറിലെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ എന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Sanctions relief, frozen funds, $300 billion plan: Bloomberg published the reported 14-point draft memorandum which has been finalised by both countries.














