കണ്ണൂർ: സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ട അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA – കേരള വിരുദ്ധ സാമൂഹിക പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്താൻ പൊലീസ് നീക്കം ശക്തമാക്കി. ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ശുപാർശ അടങ്ങിയ വിശദമായ റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയായ കൊടും ക്രിമിനലാണെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് യദുകൃഷ്ണയാണ് അർജുനെ റിമാൻഡ് ചെയ്തത്. തലശ്ശേരി സബ് ജയിലിലേക്ക് അർജുൻ ആയങ്കിയെ മാറ്റും.
2014 മുതൽ അർജുൻ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. മുൻപ് രജിസ്റ്റർ ചെയ്ത പല കേസുകളിലും ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതുമാണ്. രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകൾ ചേർത്തുള്ള കേസുകളാണ് നിലവിൽ ഇയാൾക്കെതിരെയുള്ളത്.
അർജുനെതിരെ കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ നിലവിലുണ്ട്. പുതിയ കേസുകൾ കൂടി ഉൾപ്പെടുമ്പോഴാണ് ആകെ കേസുകളുടെ എണ്ണം 23 ആകുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കാപ്പ ചുമത്താനുള്ള നടപടികൾ വേഗത്തിലാക്കുന്നത്. കളക്ടറുടെ അനുമതി ലഭിക്കുന്നതോടെ അർജുൻ ആയങ്കിയെ കരുതൽ തടങ്കലിലാക്കാനോ ജില്ലയിൽ നിന്ന് നാടുകടത്താനോ ഉള്ള നടപടികളിലേക്ക് പൊലീസ് കടക്കും.
Police move to charge Arjun Ayanki with ‘Kappa’; Report says he is a serious criminal accused in 23 cases













