
നെയ്പിഡോ: മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂകിയെ നിരുപാധികം മോചിപ്പിക്കണമെന്ന ആസിയാൻ കൂട്ടായ്മയുടെയും അമേരിക്കയുടെയും സംയുക്ത ആവശ്യം മ്യാൻമർ സൈനിക ഭരണകൂടം ഔദ്യോഗികമായി തള്ളി. ആസിയാൻ്റെ ഈ നീക്കം രാജ്യത്തിൻ്റെ ആഭ്യന്തര ജുഡീഷ്യൽ നടപടികളിലുള്ള കടന്നുകയറ്റമാണെന്ന് മ്യാൻമർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മാനുഷിക പരിഗണന മുൻനിർത്തി സൂകിയുടെ തടവ് ശിക്ഷകളിൽ ചില ഇളവുകൾ നേരത്തെ നൽകിയിട്ടുണ്ടെങ്കിലും, പൂർണ്ണമായ മോചനം രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി മാത്രമേ നടപ്പാക്കൂ എന്നാണ് സൈന്യത്തിൻ്റെ നിലപാട്. മ്യാൻമറിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആസിയാൻ മുന്നോട്ടുവെച്ച അഞ്ചിന പദ്ധതികളെയും മ്യാൻമർ പ്രസിഡൻ്റ് ജനറൽ മിൻ ഓങ് ഹ്ലെയ്ങ് തള്ളിക്കളഞ്ഞു. ചില അംഗരാജ്യങ്ങൾ മ്യാൻമറിനോട് വിവേചനം കാണിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
2021 ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തടവിലാക്കപ്പെട്ട 81-കാരിയായ ഓങ് സാൻ സൂകി നിലവിൽ നെയ്പിഡോയിലെ ഒരു രഹസ്യ സങ്കേതത്തിൽ വീട്ടുതടങ്കലിലാണ്. അടുത്തിടെ അന്താരാഷ്ട്ര റെഡ് ക്രോസ് പ്രതിനിധി സൂകിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആസിയാൻ ചെയർമാനും അമേരിക്കയും സൂകിയുടെ ഉടനടിയുള്ള മോചനത്തിനായി സമ്മർദ്ദം ശക്തമാക്കിയത്. എന്നാൽ വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് മ്യാൻമർ.
Myanmar rejects ASEAN call for unconditional release of Aung San Suu Kyi











