
ടെഹ്‌റാൻ: അമേരിക്കയുടെ ഭാഗത്തുനിന്നും വീണ്ടും ബോംബാക്രമണം ഉണ്ടായാൽ ദീർഘകാലം നീണ്ടുനിൽക്കുന്നതും അതിശക്തവുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിപ്ലവ ഗാർഡ്‌സ്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ അവസ്ഥ നിങ്ങൾ കണ്ടതാണെന്നും, യുദ്ധക്കപ്പലുകൾക്കും ഇതേ വിധി തന്നെയായിരിക്കും സംഭവിക്കുകയെന്നും ഐആർജിസി എയ്‌റോസ്‌പേസ് കമാൻഡർ മാജിദ് മൂസാവി മുന്നറിയിപ്പ് നൽകി.
അമേരിക്ക നടത്തുന്ന നീക്കം ചെറുതാണെങ്കിൽ പോലും ഇറാൻ നൽകുന്ന മറുപടി അങ്ങേയറ്റം വേദനാജനകമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരെ “ഹ്രസ്വവും എന്നാൽ ശക്തവുമായ” സൈനിക നീക്കങ്ങൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. നിലവിൽ യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്. ഇറാനെ ചർച്ചകളുടെ മേശയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനാണ് ട്രംപിന്റെ നീക്കം.
ഇതിന്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരാനും ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് അടച്ചിടാനും ട്രംപ് ആലോചിക്കുന്നുണ്ട്. സൈനിക ആക്രമണം പുനരാരംഭിക്കാതെ തന്നെ ഉപരോധത്തിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്. എന്നാൽ അമേരിക്കയുടെ ഏത് നീക്കത്തെയും സൈനികമായി നേരിടുമെന്ന ഇറാന്റെ പ്രഖ്യാപനം മേഖലയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.














