കാനഡയിൽ വീണ്ടും വിഘടനവാദപ്പുകച്ചിൽ; ഒക്ടോബറിൽ വേർപിരിയൽ വോട്ടെടുപ്പിനൊരുങ്ങി അൽബെർട്ട പ്രവിശ്യ

ഒട്ടാവ: കാനഡയുടെ ദേശീയ ഐക്യത്തിന് കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് എണ്ണസമ്പന്നമായ അൽബെർട്ട പ്രവിശ്യയിൽ വേർപിരിയൽ വോട്ടെടുപ്പിന് കളമൊരുങ്ങുന്നു. ഒക്ടോബറിൽ കാനഡയുടെ ഭാഗമായി തുടരണോ അതോ വേർപിരിയലിനായുള്ള ഔദ്യോഗിക ജനഹിതപരിശോധനയിലേക്ക് കടക്കണോ എന്ന് പ്രവിശ്യയിലെ ജനങ്ങൾ വോട്ടിലൂടെ രേഖപ്പെടുത്തും. പതിറ്റാണ്ടുകൾക്ക് ശേഷം കാനഡ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഐക്യപരീക്ഷണമായാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ വീക്ഷിക്കുന്നത്.

മേയ് 21-ന് നടത്തിയ തത്സമയ ടെലിവിഷൻ പ്രസംഗത്തിലൂടെ അൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്താണ് ഈ നിർണായക വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. പ്രവിശ്യയുടെ വികസനത്തിൽ ഫെഡറൽ ഗവൺമെൻ്റിൻ്റെ അനാവശ്യ ഇടപെടലുകളിൽ അൽബെർട്ടയിലെ ജനങ്ങൾ അസന്തുഷ്ടരാണെന്ന് വ്യക്തമാക്കിയ പ്രീമിയർ, എങ്കിലും ഒരു വിഭജനത്തിന് താൻ വ്യക്തിപരമായി എതിരാണെന്നും കാനഡയുടെ ഐക്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ലളിതമല്ല വോട്ടിങ് ചോദ്യം

“കാനഡയിൽ തുടരണോ അതോ പിരിയണോ” എന്ന ലളിതമായ ചോദ്യത്തിന് പകരം കുറച്ചുകൂടി നിയമപരമായ ചോദ്യാവലിയാണ് വോട്ടർമാർക്ക് മുന്നിൽ വെയ്ക്കുക. “അൽബെർട്ട കാനഡയുടെ പ്രവിശ്യയായി തുടരണോ അതോ കാനഡയിൽ നിന്ന് വേർപിരിയുന്നതിനായി ഭരണഘടനാനുസൃതമായ ഒരു ഔദ്യോഗിക ജനഹിതപരിശോധന നടത്താൻ അൽബെർട്ട ഗവൺമെൻ്റിന് നിയമപരമായ അനുമതി നൽകണോ?” എന്നതായിരിക്കും ചോദ്യം. വോട്ടർമാർക്ക് ഇതിൽ അനുകൂലിച്ചോ പ്രതികൂലിച്ചോ വോട്ട് രേഖപ്പെടുത്താം.

അൽബെർട്ടയ്ക്ക് കാനഡയിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെടുന്ന ഒരു വിഭാഗം ആളുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവിശ്യയിൽ ശക്തമായ പ്രചാരണം നടത്തിവരികയായിരുന്നു. ഇവർ നടത്തിയ ജനസമ്പർക്ക പരിപാടികൾക്ക് ഒടുവിൽ വിഘടനവാദത്തെ അനുകൂലിച്ച് 3 ലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട ഭീമഹർജി സർക്കാരിന് സമർപ്പിച്ചു. എന്നാൽ ഈ ഹർജി ഈ മാസം ആദ്യം അൽബെർട്ട കോടതി തടഞ്ഞു. പ്രവിശ്യ സ്വതന്ത്രമായാൽ ഭൂമി നഷ്ടപ്പെടാൻ സാധ്യതയുള്ള തദ്ദേശീയ ഗോത്രവിഭാഗങ്ങളായ ‘ഫസ്റ്റ് നേഷൻസ്’ ജനങ്ങളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജഡ്ജിയുടെ വിധി.

ഈ കോടതി വിധിയിൽ താൻ അതീവ ദുഃഖിതയാണെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ലക്ഷക്കണക്കിന് ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ഒരു ജഡ്ജിയെയും അനുവദിക്കില്ലെന്നും വിഘടനവാദികളിൽ നിന്നുള്ള കടുത്ത സമ്മർദ്ദം നിലനിൽക്കുന്നതിനാൽ ഒക്ടോബറിൽ വോട്ടെടുപ്പുമായി മുന്നോട്ട് പോകുമെന്നും ഡാനിയേൽ പ്രഖ്യാപിച്ചു. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്.

പ്രതിരോധവുമായി ഐക്യവാദികൾ

അതേസമയം, കാനഡയുടെ ഐക്യം തകരുന്നതിനെതിരെ പ്രവിശ്യയിലെ ഭൂരിഭാഗം ജനങ്ങളും രംഗത്തുണ്ട്. മുൻ ഡെപ്യൂട്ടി പ്രീമിയർ തോമസ് ലൂക്കാസുക്കിൻ്റെ നേതൃത്വത്തിൽ കാനഡയിൽ തന്നെ തുടരണം എന്നാവശ്യപ്പെട്ട് നടത്തിയ ‘ഫോറെവർ കനേഡിയൻ’ എന്ന ക്യാമ്പയിനിൽ 4 ലക്ഷത്തിലധികം ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. 50 ലക്ഷത്തോളം ജനസംഖ്യയുള്ള അൽബെർട്ടയിൽ ഒക്ടോബറിൽ നടക്കുന്ന വോട്ടെടുപ്പ് പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വൈകാരികവും നിർണായകവുമായ ഒന്നായി മാറുമെന്നുറപ്പാണ്.

Separatism is brewing again in Canada; Alberta province preparing for a secession vote in October

More Stories from this section

family-dental
witywide