
രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സി.എ.ടി.) തള്ളി. സർക്കാരിന്റെ ശക്തമായ വാദങ്ങൾ പരിഗണിച്ചാണ് ട്രിബ്യൂണലിന്റെ ഈ നടപടി.
അജിത് കുമാർ ഡി.ജി.പി. ആകാൻ യോഗ്യനല്ലെന്നും ഇരകൾക്ക് നീതി നിഷേധിക്കാൻ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണെന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്. അതേസമയം, സസ്പെൻഷൻ നടപടി ചട്ടങ്ങൾ പാലിക്കാതെയാണെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചതെന്നുമാണ് അജിത് കുമാറിന്റെ പക്ഷം. വിഷയത്തിൽ മറുപടി നൽകാൻ സർക്കാരിന് നിർദേശം നൽകിയ ട്രിബ്യൂണൽ ഹർജി ഈ മാസം 20-ന് വീണ്ടും പരിഗണിക്കും.
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ കഴിഞ്ഞ ആഴ്ചയാണ് അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയായിരുന്നു നടപടി. ഈ മാസം 31-ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടിയുണ്ടായത്. തുടർന്ന് സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാർ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
Setback for M R Ajithkumar: Central Administrative Tribunal Refuses Stay on Suspension













