ലൈംഗികാരോപണം: യുഎസ് സെനറ്റ് സ്ഥാനാർത്ഥി ഗ്രഹാം പ്ലാറ്റ്‌നറോട് പിന്മാറാൻ ഡെമോക്രാറ്റിക് പാർട്ടി

വാഷിംഗ്ടൺ: മുൻ കാമുകി ഉന്നയിച്ച ഗുരുതരമായ ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന്, മെയ്ൻ സംസ്ഥാനത്തുനിന്നുള്ള യുഎസ് സെനറ്റ് സ്ഥാനാർത്ഥി ഗ്രഹാം പ്ലാറ്റ്‌നറോട് മത്സരത്തിൽ നിന്ന് അടിയന്തരമായി പിന്മാറാൻ ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. വരാനിരിക്കുന്ന നവംബർ തിരഞ്ഞെടുപ്പിൽ സെനറ്റിൻ്റെ ഭൂരിപക്ഷം നിലനിർത്താൻ ഡെമോക്രാറ്റുകൾക്ക് നിർണായകമായ സീറ്റാണിത്.

41-കാരിയായ ജെന്നി റാസികോട്ട് എന്ന സ്ത്രീ ‘പൊളിറ്റിക്കോ’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്ലാറ്റ്‌നർക്കെതിരെ രംഗത്തുവന്നത്. രണ്ടു വർഷത്തിലേറെ നീണ്ട സൗഹൃദത്തിനൊടുവിൽ, പ്ലാറ്റ്‌നർ മദ്യപിച്ച നിലയിൽ തൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് റാസികോട്ടിൻ്റെ വെളിപ്പെടുത്തൽ.

എന്നാൽ ഈ ആരോപണം പൂർണ്ണമായും വ്യാജമാണെന്ന് പ്ലാറ്റ്‌നർ പ്രതികരിച്ചു. മുൻപ് യുഎസ് മറൈൻ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച പ്ലാറ്റ്‌നർ, ആരോപണങ്ങൾ നിഷേധിച്ചെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് മത്സരരംഗത്ത് എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് വ്യക്തമാക്കി.

ആരോപണം പുറത്തുവന്നതോടെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് പ്ലാറ്റ്‌നർക്ക് വലിയ സമ്മർദ്ദമാണ് നേരിടുന്നത്. ഡെമോക്രാറ്റിക് സെനറ്റ് ലീഡർ ചക്ക് ഷുമർ, സെനറ്റർ കിർസ്റ്റൺ ഗില്ലിബ്രാൻഡ്, എലിസബത്ത് വാറൻ, കോറി ബുക്കർ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്ലാറ്റ്‌നർ ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. പ്ലാറ്റ്‌നർ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറിയില്ലെങ്കിൽ മെയ്നിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടി ഫണ്ട് നൽകില്ലെന്ന് ഡെമോക്രാറ്റിക് സെനറ്റോറിയൽ ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ കോൺഗ്രസ് അംഗം റോ ഖന്ന ഉൾപ്പെടെയുള്ള പല നേതാക്കളും പ്ലാറ്റ്‌നർക്കുള്ള പിന്തുണ ഇതിനോടകം പിൻവലിച്ചു.

ഇതിനു മുൻപും നിരവധി വിവാദങ്ങളിൽ പെട്ട വ്യക്തിയാണ് ഗ്രഹാം പ്ലാറ്റ്‌നർ. ഇദ്ദേഹത്തിൻ്റെ നെഞ്ചിൽ നാസി സൈന്യത്തിൻ്റെ ചിഹ്നത്തോട് സാദൃശ്യമുള്ള ടാറ്റൂ ഉണ്ടായിരുന്നത് വലിയ വിവാദമായിരുന്നു. ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവർ തന്നെയാണ് അതിന് ഉത്തരവാദികൾ എന്ന രീതിയിൽ മുൻപ് റെഡ്ഡിറ്റിൽ ഇദ്ദേഹം പങ്കുവെച്ച കുറിപ്പുകൾ പുറത്തുവന്നിരുന്നു. ഭാര്യയെ ചതിച്ച് മറ്റ് സ്ത്രീകളുമായി അശ്ലീല സന്ദേശങ്ങൾ കൈമാറിയതായും പ്ലാറ്റ്‌നർ സമ്മതിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടായി മെയ്നിൽ സ്വാധീനമുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലെ സൂസൻ കോളിൻസിന് എതിരെയാണ് പ്ലാറ്റ്‌നർ മത്സരിക്കാനിരുന്നത്. ബാലറ്റിൽ നിന്ന് പ്ലാറ്റ്‌നറുടെ പേര് മാറ്റി പകരം മറ്റൊരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ കൊണ്ടുവരണമെങ്കിൽ നിയമപ്രകാരം ജൂലൈ 13-നകം അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറേണ്ടതുണ്ട്. പാർട്ടിയുടെ പ്രാദേശിക നേതൃത്വവും പ്ലാറ്റ്‌നറോട് അടിയന്തരമായി സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

Sex allegations: Democratic Party tells US Senate candidate Graham Plattner to withdraw

More Stories from this section

family-dental
witywide