വാഷിങ്ടൺ: ഫിഫ ലോകകപ്പ് ആരംഭിച്ച ജൂൺ 11 മുതൽ മത്സരവേദികൾക്കും ആരാധക മേഖലകൾക്കും സമീപം അനധികൃതമായി പറത്തിയ 600-ലേറെ ഡ്രോണുകൾ പിടിച്ചെടുത്തതായി അമേരിക്കൻ അധികൃതർ അറിയിച്ചു. യു.എസ്. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ആണ് ഇക്കാര്യം അറിയിച്ചത്. മത്സര ദിവസങ്ങളിൽ സ്റ്റേഡിയങ്ങൾക്ക് ചുറ്റുമായി മൂന്ന് നോട്ടിക്കൽ മൈൽ പരിധിയിലും ഭൂനിരപ്പിൽ നിന്ന് 3,000 അടി (914 മീറ്റർ) ഉയരം വരെയും എല്ലാ വിമാന സർവീസുകൾക്കും ഡ്രോണുകൾക്കും വിലക്കുണ്ട്. എയർ ട്രാഫിക് കൺട്രോളിന്റെ പ്രത്യേക അനുമതിയുള്ളവയ്ക്ക് മാത്രമാണ് ഇളവ്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയിലെ 11 നഗരങ്ങളിലെയും നിയന്ത്രിത വ്യോമമേഖലകളിൽ നിന്നാണ് ഡ്രോണുകൾ പിടിച്ചെടുത്തതെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) അറിയിച്ചു. മയാമിയിൽ മാത്രം 130 ഡ്രോണുകളും ഡാലസിൽ അഞ്ച് മത്സരങ്ങൾക്കിടെ 70-ലേറെ ഡ്രോണുകളും പിടിച്ചെടുത്തതായി എഫ്ബിഐ വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങളും അനുബന്ധ ആരാധക സംഗമങ്ങളും നടക്കുന്ന സ്ഥലങ്ങൾക്ക് മുകളിലൂടെ ഡ്രോണുകൾ പറത്തുന്നത് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) നിരോധിച്ചിട്ടുണ്ട്.
ആരാധക സംഗമങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ഒരു നോട്ടിക്കൽ മൈൽ പരിധിയിലും ഭൂനിരപ്പിൽ നിന്ന് 1,000 അടി ഉയരം വരെയും ഡ്രോണുകൾക്ക് വിലക്കുണ്ട്. അനുമതിയില്ലാതെ നിയന്ത്രിത വ്യോമമേഖലയിൽ ഡ്രോൺ പറത്തുന്നവർക്ക് ഒരു ലക്ഷം ഡോളർ വരെ പിഴയും ക്രിമിനൽ കേസും ഡ്രോൺ പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകി. അനധികൃത ഡ്രോണുകൾ കണ്ടെത്താനും പ്രവർത്തനരഹിതമാക്കാനും ലോകകപ്പ് സ്റ്റേഡിയങ്ങൾക്കു ചുറ്റും എഫ്ബിഐ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
2025-ൽ ഭീഷണിയാകുന്ന ഡ്രോണുകളെ പ്രതിരോധിക്കാൻ അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. തുടർന്ന് ടെക്സാസിലെ അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് പുതിയ ആന്റി-ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലും അമേരിക്കയിൽ നടന്ന പ്രധാന കായികമത്സരങ്ങൾക്കിടെ നിരവധി ഡ്രോൺ സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025-ൽ ബാൾട്ടിമോറിൽ നടന്ന നാഷണൽ ഫുട്ബോൾ ലീഗ് (NFL) പ്ലേ ഓഫ് മത്സരത്തിനിടെ നിയന്ത്രിത വ്യോമമേഖലയിൽ ഡ്രോൺ പറത്തിയ കേസിൽ ഒരാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
US agencies have seized more than 600 drones near World Cup sites










