
അറ്റ്ലാന്റ: സ്വന്തം ഔദ്യോഗിക ചേംബറിൽ വെച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും, അന്വേഷണ സംഘത്തോട് നുണ പറയുകയും ചെയ്ത അമേരിക്കൻ ഫെഡറൽ ജഡ്ജിക്ക് കോടതി സമിതിയുടെ ‘രഹസ്യ ശാസന’. കടുത്ത കുറ്റകൃത്യം ചെയ്തിട്ടും ജഡ്ജിയുടെ പേരോ കോടതിയുടെ വിവരങ്ങളോ വെളിപ്പെടുത്താതെ വെറും ശാസനയിൽ നടപടി ഒതുക്കിയതിനെതിരെ നിയമവൃത്തങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
അലബാമ, ഫ്ലോറിഡ, ജോർജിയ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന യു.എസിലെ 11-ാം ജുഡീഷ്യൽ സർക്യൂട്ട് കൗൺസിലാണ് ജഡ്ജിക്ക് അനുകൂലമായി ഫെബ്രുവരിയിൽ വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ച ജുഡീഷ്യൽ പെരുമാറ്റ സമിതി ഈ ഉത്തരവ് ശരിവെക്കുക കൂടി ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാൽ കുറ്റക്കാരിയായ ജഡ്ജിയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ കോടതി തയ്യാറായിട്ടില്ല.
ജഡ്ജിയുടെ കീഴിൽ ജോലി ചെയ്തിരുന്ന ഒരു ലോ ക്ലർക്ക് നൽകിയ രഹസ്യ വിവരമാണ് ജുഡീഷ്യറിയെ ഉലച്ച അന്വേഷണത്തിലേക്ക് നയിച്ചത്. ഓഫീസിലെ ജീവനക്കാർക്ക് കേൾക്കാവുന്ന ദൂരത്തിൽ, ഔദ്യോഗിക സമയത്ത് ജഡ്ജിയും ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനും ചേംബറിനുള്ളിൽ വെച്ച് പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നായിരുന്നു പരാതി. ഇതിനുപുറമെ, ജഡ്ജി ഒരു രാഷ്ട്രീയ പാർട്ടി പരിപാടിയിൽ പങ്കെടുത്തതായും ജീവനക്കാരോട് മോശമായി പെരുമാറിയതായും പരാതിയിൽ ഉണ്ടായിരുന്നു.
11-ാം സർക്യൂട്ട് ചീഫ് ജഡ്ജി വില്യം പ്രയോർ വിശദീകരണം ചോദിച്ചപ്പോൾ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ജഡ്ജി, ഓഫീസിൽ വന്ന് ജോലി ചെയ്യാൻ നിർബന്ധിച്ചതിലുള്ള പ്രതികാരമായി ക്ലർക്ക് കെട്ടിച്ചമച്ച കഥയാണിതെന്നാണ് ഇമെയിൽ വഴി മറുപടി നൽകിയത്. തുടർന്ന് ചീഫ് ജഡ്ജി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു.
അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതോടെ ജഡ്ജി നിലപാട് മാറ്റി സത്യം സമ്മതിച്ചു. ജഡ്ജി തെറ്റ് തിരുത്തിയതും, പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം അവസാനിപ്പിച്ചതും മുൻകാലങ്ങളിലെ മികച്ച സേവനവും കണക്കിലെടുത്താണ് പേര് വിവരങ്ങൾ രഹസ്യമാക്കി വെച്ച് വെറും ‘രഹസ്യ ശാസന’ നൽകാൻ സമിതി തീരുമാനിച്ചത്. ഇവർക്ക് സ്വയം തിരുത്താനുള്ള അവസരം നൽകണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയിൽ ഫെഡറൽ ജഡ്ജിമാരെ ജീവിതകാലം മുഴുവനാണ് നിയമിക്കുന്നത്. ഇവരെ പദവിയിൽ നിന്ന് നീക്കാൻ പാർലമെൻ്റിൻ്റെ (കോൺഗ്രസ്) ഇംപീച്ച്‌മെൻ്റിലൂടെ മാത്രമേ സാധിക്കൂ. എന്നാൽ നുണ പറഞ്ഞ ജഡ്ജിക്ക് പദവിയിൽ തുടരാൻ അനുവാദം നൽകിയ നടപടി വെറുമൊരു “കണ്ണിൽ പൊടിയിടൽ” മാത്രമാണെന്ന് പ്രമുഖ അഭിഭാഷകൻ ലെസ്റ്റർ ടേറ്റ് വിമർശിച്ചു. മറ്റുള്ളവരെ വിചാരണ ചെയ്യുന്നവർ സ്വന്തം കാര്യത്തിൽ സത്യസന്ധത പുലർത്തണമെന്നും, പൊതുജനമധ്യത്തിൽ ജഡ്ജിയുടെ പേര് വെളിപ്പെടുത്തി മാതൃകാപരമായ ശിക്ഷ നൽകാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sexual intercourse with a policeman in the chamber, Federal judge only gets ‘secret reprimand’; Widespread protest















