ലൈംഗികാതിക്രമം തെളിഞ്ഞു; യുഎസ് കോൺഗ്രസ് അംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു

വാഷിംഗ്ടൺ: ഹൗസ് സ്റ്റാഫ് അംഗത്തോട് ലൈംഗികാതിക്രമം നടത്തിയെന്ന് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയതിനെത്തുടർന്ന് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റ് അംഗം ജിമ്മി ഗോമസ് (51) യുഎസ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നു. ഡിസംബർ ഒന്നിന് സ്ഥാനമൊഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

അധികാര ദുർവിനിയോഗം നടത്തി സ്റ്റാഫ് അംഗത്തോട് ഗോമസ് മോശമായി പെരുമാറിയതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് ഹൗസ് എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024 ഫെബ്രുവരിയിൽ വാഷിംഗ്ടൺ ഡിസിയിലെ ഒരു ബാറിൽ വെച്ചും, പിന്നീട് തന്റെ ഓഫീസിൽ വെച്ചും ഗോമസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് “സാക്ഷി 1” എന്ന് രേഖപ്പെടുത്തിയ യുവതി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ യുവതി ജോലി രാജിവെച്ചിരുന്നു.

കമ്മിറ്റിയുടെ കണ്ടെത്തലുകളോട് വിയോജിപ്പുണ്ടെങ്കിലും രാജിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഗോമസ് പ്രസ്താവനയിൽ പറഞ്ഞു. ദാമ്പത്യത്തിന് പുറത്ത് തനിക്ക് സംഭവിച്ച വ്യക്തിപരമായ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലൈംഗികാതിക്രമ അന്വേഷണം പ്രധാന പ്രചാരണ വിഷയമായ ഈ മാസത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റ് സ്ഥാനാർത്ഥി ആഞ്ചല ഗോൺസാലസ്-ടോറസിനോട് 25 ശതമാനം വോട്ടുകൾക്ക് ഗോമസ് പരാജയപ്പെട്ടിരുന്നു. അടുത്ത മാസം കാലാവധി അവസാനിക്കാനിരിക്കുന്നതിനാൽ ഗോമസിനെതിരെ മറ്റ് ശിക്ഷാനടപടികൾ സ്വീകരിക്കാൻ സമയമില്ലെന്ന് എത്തിക്സ് കമ്മിറ്റി വ്യക്തമാക്കി.

Sexual misconduct proven; US Congressman Jimmy Gomez resigns

More Stories from this section

family-dental
witywide