ഇറാന്റെ രഹസ്യ ബാങ്കിംഗ് ശൃംഖലയ്ക്ക് മേൽ കടുത്ത ഉപരോധവുമായി അമേരിക്ക; 14.7 ബില്യൺ ഡോളറിന്റെ ഇടപാടുകൾ കണ്ടെത്തിയതായി ട്രഷറി

വാഷിംഗ്ടൺ: അന്താരാഷ്ട്ര ഉപരോധങ്ങളെ മറികടക്കാൻ ഇറാൻ ഉപയോഗിക്കുന്ന ‘ഷാഡോ ബാങ്കിംഗ്’ (രഹസ്യ ബാങ്കിംഗ്) ശൃംഖലയ്ക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാനിലെ ഇരുപത്തിനാലിലധികം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, വ്യാജ കമ്പനികൾ, ഇടനിലക്കാർ എന്നിവർക്കെതിരെയാണ് യുഎസ് ട്രഷറി വകുപ്പ് തിങ്കളാഴ്ച ഉപരോധം പ്രഖ്യാപിച്ചത്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് പുറമെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് മുതൽ അമേരിക്ക നടപ്പിലാക്കുന്ന സാമ്പത്തിക ഉപരോധങ്ങളുടെ തുടർച്ചയാണിത്.

2025 ജനുവരിക്കും ഈ വർഷം ഓഗസ്റ്റിനും ഇടയിൽ ഇറാന്റെ ഷാഡോ ബാങ്കിംഗ് ശൃംഖല വഴി ഏകദേശം 14.7 ബില്യൺ ഡോളറിന്റെ (ഏകദേശം 1.2 ലക്ഷം കോടിയിലധികം രൂപ) ഇടപാടുകൾ നടന്നതായാണ് യുഎസ് ട്രഷറിയുടെ പുതിയ കണ്ടെത്തൽ. ഇറാന്റെ സെൻട്രൽ ബാങ്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ രഹസ്യ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത്. ഉപരോധം മറികടക്കാൻ ഇടപാടുകാരെ സഹായിക്കുന്ന ‘റഹ്ബർ’ എന്നറിയപ്പെടുന്ന പ്രത്യേക ബാങ്കിംഗ് അനുബന്ധ കമ്പനികളും ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് ട്രഷറി വ്യക്തമാക്കി.

ഇറാന് പുറമെ വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ശൃംഖലകളെയും അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്. പുതുതായി ഉപരോധം ഏർപ്പെടുത്തിയവയിൽ എട്ട് കമ്പനികൾ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നവയാണ്. തുർക്കി, ഹോങ്കോംഗ് എന്നിവിടങ്ങളിലുള്ള ഓരോ കമ്പനികൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇറാനിയൻ എക്സ്ചേഞ്ച് ഹൗസുകൾക്ക് വേണ്ടി ആയിരക്കണക്കിന് സാമ്പത്തിക ഇടപാടുകളിലൂടെ ദശലക്ഷക്കണക്കിന് ഡോളർ കൈമാറിയെന്നാണ് ദുബായ് ആസ്ഥാനമായുള്ള കമ്പനികൾക്കെതിരെയുള്ള പ്രധാന ആരോപണം. യുഎഇ, ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എണ്ണ, ഷിപ്പിംഗ്, നിക്ഷേപം, സാങ്കേതികവിദ്യാ സംഭരണം എന്നീ മേഖലകളിലൂടെയാണ് ഈ ശൃംഖലകൾ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി അമേരിക്കയുടെ പ്രാദേശിക സഖ്യകക്ഷികൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുകയും, ലോകത്തിലെ പ്രധാന ഊർജ്ജ ചരക്കുഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ നേരിട്ടുള്ള പോരാട്ടങ്ങളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിൽ തർക്കം തുടരുന്നതിനാൽ ആഗോള വിപണിയിൽ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വില കുതിച്ചുയർന്നുതന്നെ നിൽക്കുകയാണ്.

US imposes strict sanctions on Iran’s shadow banking network; Treasury reports discovery of $14.7 billion in transactions.

More Stories from this section

family-dental
witywide