കെൻ്റക്കി ബാങ്ക് കവർച്ച: രണ്ട് ജീവനക്കാരെ വെടിവച്ചു കൊന്ന കേസിൽ 18-കാരൻ പിടിയിൽ

ബെറിയ (കെൻ്റക്കി): അമേരിക്കയിലെ കെൻ്റക്കിയിലുള്ള യു.എസ്. ബാങ്ക് ശാഖയിൽ നടന്ന കവർച്ചയ്ക്കിടെ രണ്ട് ജീവനക്കാരെ വെടിവച്ചു കൊന്ന കേസിൽ 18 വയസ്സുകാരൻ പിടിയിലായി. ബ്രെയ്ലൻ വീവർ എന്ന യുവാവിനെയാണ് വെള്ളിയാഴ്ച പുലർച്ചെ ലക്സിംഗ്ടണിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ പ്രതി ബാങ്കിൽ വെടിവെപ്പ് നടത്തിയത്. ബാങ്ക് ജീവനക്കാരായ ബ്രിയാന എഡ്വേർഡ്സ് (35), ബ്രയാൻ സ്വിറ്റ്‌സർ (42) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കവർച്ചയ്ക്ക് ശേഷം പ്രതി ബാങ്കിൽ നിന്ന് പണവുമായി കടന്നുകളയുകയായിരുന്നു. പ്രതി സഞ്ചരിച്ചിരുന്ന സിൽവർ ബി.എം.ഡബ്ല്യു കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

ലക്സിംഗ്ടണിൽ വെച്ച് പൊലീസിനെ വെട്ടിച്ച് 130 മൈൽ വേഗതയിൽ കാറോടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച വീവറെ സാഹസികമായാണ് പിടികൂടിയത്. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ബാങ്ക് കവർച്ചാ സമയത്ത് ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ എഫ്.ബി.ഐ കണ്ടെത്തിയിരുന്നു.പ്രതിക്കെതിരെ ആയുധം ഉപയോഗിച്ചുള്ള ബാങ്ക് കവർച്ച, ഇരട്ടക്കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഫെഡറൽ കോടതി ചുമത്തിയിരിക്കുന്നത്.

കുറ്റം തെളിയുകയാണെങ്കിൽ പ്രതിക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കെന്റക്കി അറ്റോർണി ജനറലും പ്രതിക്കെതിരെ കൊലപാതകത്തിന് പ്രത്യേകമായി കേസെടുക്കും.

Kentucky bank robbery: 18-year-old arrested for shooting and killing two employees

More Stories from this section

family-dental
witywide