
അയോവ: അമേരിക്കയിലെ അയോവ സംസ്ഥാനത്തുള്ള മസ്കറ്റൈൻ നഗരത്തിൽ കുടുംബവഴക്കിനെത്തുടർന്ന് ഒരു കുടുംബത്തിലെ ആറ് പേരെ വെടിവെച്ചുകൊന്നു. അക്രമിയായ മസ്കറ്റൈൻ സ്വദേശി റയാൻ വില്ലിസ് മക്ഫാർലാൻഡ് (52) പിന്നീട് പൊലീസിന് മുന്നിൽ വെച്ച് സ്വയം ജീവനൊടുക്കി. അക്രമി ഉൾപ്പെടെ ആകെ ഏഴ് പേരാണ് മരണപ്പെട്ടത്.
ഉച്ചയ്ക്ക് ശേഷം മസ്കറ്റൈനിലെ ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായി പൊലീസിന് സന്ദേശം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീട്ടിൽ നാല് പേരെ വെടിയേറ്റ നിലയിൽ കണ്ടെത്തി. നാല് പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. പൊലീസ് എത്തുന്നതിന് മുൻപ് പ്രതിയായ റയാൻ വില്ലിസ് മക്ഫാർലാൻഡ് അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു.
പൊലീസ് റയാനെ വളഞ്ഞ് സംസാരിക്കുന്നതിനിടയിൽ ഇയാൾ സ്വയം വെടിവെക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു വീട്ടിലും, ഒരു പ്രാദേശിക വ്യാപാര സ്ഥാപനത്തിലുമായി വെടിയേറ്റ നിലയിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കൂടി പൊലീസ് കണ്ടെത്തി. ഇതും ഇതേ സംഭവത്തിൻ്റെ തുടർച്ചയാണെന്ന് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടവരെല്ലാം അക്രമിയുടെ ബന്ധുക്കളാണെന്നാണ് പ്രാഥമിക നിഗമനം. ഈ ക്രൂരത വിവരിക്കാൻ വാക്കുകളില്ലെന്ന് മസ്കറ്റൈൻ പൊലീസ് ചീഫ് ആന്റണി കീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Massacre in Iowa, USA: Gunman shoots dead 6 members of a family before taking his own life















