
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വെടിവെപ്പും കത്തിക്കുത്തും. വ്യാഴാഴ്ച വൈകുന്നേരം പ്രാദേശിക സമയം 3:40 ഓടെയാണ് സംഭവം. അക്രമത്തെത്തുടർന്ന് ടൈംസ് സ്ക്വയറിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകൾ ജീവരക്ഷയ്ക്കായി ചിതറിയോടി. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ ഒരു കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു കൂട്ടം ആളുകൾ തമ്മിലുണ്ടായ വലിയ സംഘർഷമാണ് അക്രമത്തിൽ കലാശിച്ചത്. സംഘർഷത്തിനിടയിൽ 26 വയസ്സുകാരനായ യുവാവിന് കത്തിക്കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
ഈ സംഘർഷത്തിനിടയിലാണ് 17-കാരൻ തോക്കെടുത്ത് വെടിയുതിർത്തത്. വെടിയൊച്ച കേട്ടതോടെ പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം പരിഭ്രാന്തരായി ഓടുകയായിരുന്നു. എന്നാൽ വെടിയേറ്റ് ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച ഒരാൾ തോക്ക് ചൂണ്ടിയ ശേഷം ഓടി രക്ഷപ്പെടുന്നത് വ്യക്തമായി കാണാം. സംഭവസ്ഥലത്തുനിന്ന് പൊലീസ് ഒരു ആയുധം കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ കൗമാരക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചു. കത്തിക്കുത്തും വെടിവെപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Shooting in Times Square ; 17-year-old arrested















