വാഷിംഗ്ടൺ ഡി.സി: ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിന് പുറത്ത് വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫസ്റ്റ് ലേഡി മെലാനിയ ട്രംപ് ഉൾപ്പെടെ പ്രമുഖരെ സുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തരമായി ഒഴിപ്പിച്ചു. സീക്രട്ട് സർവീസ് ഇവർ എല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചു.
വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്നിരുന്ന വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്ന് ചടങ്ങിന്റെ പ്രധാന സുരക്ഷാ പരിശോധന മേഖലക്ക് സമീപമാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടിയതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ട്രംപ് പിന്നീട് വാർത്താസമ്മേളനം നടത്തുമെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.
പ്രസിഡന്റായതിനുശേഷം ട്രംപ് പങ്കെടുക്കുന്ന ആദ്യ വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നായിരുന്നു ഇത്. പ്രസംഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, വൈസ് പ്രസിഡന്റ് ജെഡി വാൻസ് എന്നിവരും സുരക്ഷിതമായി ഒഴിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ച ട്രംപ്, സീക്രട്ട് സർവീസിനെയും നിയമപ്രവർത്തകരെയും അഭിനന്ദിച്ചു. “വേഗത്തിലും ധൈര്യത്തോടെയും അവർ പ്രവർത്തിച്ചു,” വെന്ന് സീക്രട്ട് സർവീസിൻ്റെയും നിയമപ്രവർത്തകരുടെയും പ്രവർത്തനത്തിൽ ട്രംപ് പ്രതികരിച്ചു.
അതേസമയം, സംഭവം ഉണ്ടായ ഉടനെ പരിപാടി തുടരുമെന്ന് അറിയിച്ചിരുന്ന കറസ്‌പോണ്ടന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വൈജിയ ജിയാങ്, പിന്നീട് സുരക്ഷാ കാരണങ്ങളാൽ എല്ലാവരും ഹാൾ ഒഴിയണമെന്ന് അറിയിക്കുകയായിരുന്നു.
Shooting outside White House Correspondents’ Dinner; Trump safe










