ഫിഫ വിലക്ക് ലംഘിച്ച് സ്റ്റേഡിയത്തിൽ ഇറാൻ ഭരണകൂട വിരുദ്ധ പ്രതീകങ്ങൾ; ആദ്യ ലോകകപ്പ് മത്സരത്തിനിടെ വൻ പ്രതിഷേധം

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറാൻ ടീം കളത്തിലിറങ്ങിയ വേളയിൽ, സ്റ്റേഡിയത്തിന് അകത്തും പുറത്തും വൻ ഭരണകൂട വിരുദ്ധ പ്രതിഷേധം. തിങ്കളാഴ്ച രാത്രി ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ, ഫിഫയുടെയും ടെഹ്‌റാന്‍റെയും കർശന മുന്നറിയിപ്പുകളെയും വിലക്കുകളെയും കാറ്റിൽപ്പറത്തിയാണ് കാണികളിൽ ചിലർ ഇറാൻ ഭരണകൂട വിരുദ്ധ പ്രതീകങ്ങളും പതാകകളും ധരിച്ച് സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. യാതൊരുവിധ സുരക്ഷാ തടസങ്ങളുമില്ലാതെയാണ് പ്രതിഷേധക്കാർ ഈ പ്രതീകങ്ങളുമായി ഗാലറിയിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് നൂറ്റാണ്ടുകളായി ഇറാൻ ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന, സിംഹത്തിന്റെയും സൂര്യന്റെയും മുദ്ര പതിപ്പിച്ച പഴയ പതാകയാണ് പ്രതിഷേധക്കാർ പ്രധാനമായും സ്റ്റേഡിയത്തിൽ ഉയർത്തിയത്. ഇത്തരം പതാകകളോ ഭരണകൂട വിരുദ്ധ പ്രതീകങ്ങളോ സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചാൽ മത്സരം തടസപ്പെടുത്തുമെന്ന് ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. സ്റ്റേഡിയം ചട്ടങ്ങൾ ലംഘിക്കുന്നതിനാൽ ഇത്തരം പതാകകൾക്ക് അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയും കർശന വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തിങ്കളാഴ്ച ലോസ് ആഞ്ചലസിൽ നടന്ന അടിയന്തര വാദത്തിനൊടുവിൽ കോടതിയും തള്ളിയിരുന്നു. എന്നാൽ കോടതി വിധിയെയും ഫിഫയുടെ നിലപാടിനെയും പൂർണ്ണമായും അവഗണിച്ചാണ് ആരാധകർ പഴയ പതാകയുമായി കളി കാണാനെത്തിയത്.

ഇപ്പോൾ കളിക്കുന്ന ഇറാൻ ദേശീയ ടീം അവിടുത്തെ ജനങ്ങളുടെ ടീമല്ലെന്നും, അതുകൊണ്ടാണ് തങ്ങൾ ഈ പ്രതീകങ്ങൾ ധരിച്ച് പ്രതിഷേധിക്കുന്നതെന്നും സ്റ്റേഡിയത്തിലെത്തിയ ഫർഹാദ് ജാഫർഗാദ് എന്ന ആരാധകൻ വ്യക്തമാക്കി. അതേസമയം, ഇറാന്റെ നിലവിലെ ഔദ്യോഗിക പതാകയുമേന്തി എത്തിയ മറ്റ് ചില ആരാധകർക്ക് ഈ പ്രതിഷേധക്കാരിൽ നിന്ന് വലിയ തോതിൽ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയം മറന്ന് കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാന്റെ ജേഴ്സി ധരിച്ചെത്തിയ 57 കാരനായ മെഹ്ദി ജാഫരി പറഞ്ഞു. കായിക വേദിയിൽ രാഷ്ട്രീയം കലർത്താതെ ‘ടീം മെല്ലി’യെ (ഇറാൻ ദേശീയ ടീം) പിന്തുണയ്ക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide