‘പൊലീസിനെയും ലാത്തികളെയും ഭയപ്പെടേണ്ട’; ചലോ ദില്ലി രാംലീല മാർച്ചിൽ അണിചേരാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾക്കെതിരെ നവംബർ 1-ന് സംഘടിപ്പിക്കുന്ന “ചലോ ദില്ലി രാംലീല മാർച്ച്” ജനാധിപത്യം സംരക്ഷിക്കാനും വോട്ട് മോഷണം തടയാനുമുള്ള പോരാട്ടമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയെ കാത്തുസൂക്ഷിക്കാനുള്ള ഈ മാർച്ചിൽ പൊലീസിനെയോ ലാത്തികളെയോ ഓർത്ത് ആരും ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ തങ്ങളുടെ തന്ത്രങ്ങൾ പ്രയോഗിക്കാൻ ധൈര്യമുണ്ടാകില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഈ മാർച്ച് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയുള്ളതല്ല, മറിച്ച് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ളതാണെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവരുടെ ഭരണരീതികളിൽ മടുപ്പ് തോന്നിയവരും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരുമായ മുഴുവൻ ജനങ്ങളും മാർച്ചിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രാജ്യത്തെ എല്ലാ വിദ്യാർത്ഥി സംഘടനകളും ഈ പ്രതിഷേധത്തിൽ അണിചേരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകൾ ആരോപിച്ച് ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ഈ റാലി മുന്നിൽക്കണ്ട് ഡൽഹി പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാർ രാംലീല മൈതാനത്ത് നിന്ന് ജന്തർ മന്ദറിലേക്കോ മറ്റ് നിരോധിത മേഖലകളിലേക്കോ നീങ്ങുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെത്തുടർന്ന് ജന്തർ മന്ദറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഡൽഹിയിലുടനീളം വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. രാംലീല മൈതാനത്ത് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സുരക്ഷയ്ക്കായി അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. തത്സമയ നിരീക്ഷണത്തിനായി നൂറ്റമ്പതോളം എഐ സഹിതമുള്ള സിസിടിവി ക്യാമറകളും താൽക്കാലിക കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നാൽപ്പതിനായിരത്തിലധികം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ. പ്രതിഷേധക്കാർക്കായി രാജ്ഘട്ട്, മാതാ സുന്ദരി കോളേജ് പരിസരങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും ആളുകൾ നടന്ന് വേണം രാംലീല മൈതാനത്തേക്ക് പ്രവേശിക്കാൻ. ന്യൂഡൽഹിയിലെ മറ്റ് അതിസുരക്ഷാ മേഖലകളിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്.

Rahul Gandhi calls for participation in the ‘Chalo Delhi’ Ramlila march.

More Stories from this section

family-dental
witywide