‘സുപ്രീംകോടതിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിരിക്കുന്നു’; രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച നിരസിച്ചതിൽ പ്രതികരണവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താത്തതിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്താൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സി.ജെ.ഐ) സൂര്യ കാന്ത് വിസമ്മതിച്ചു. തങ്ങൾക്കിടയിൽ കൈമാറിയ കത്തിന്റെ രഹസ്യാത്മകത സൂക്ഷിക്കുന്നതിനാലാണ് പ്രതികരണത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

വോട്ട് ചോരുന്നത് അവസാനിപ്പിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) നിർത്തിവെക്കുക, ബാലറ്റ് പേപ്പർ രീതിയിലേക്ക് തിരിച്ചുപോവുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിക്കുന്നതിനായി പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 4 നും 5 നും ഇടയിൽ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണമെന്നായിരുന്നു കത്തിലെ ആവശ്യം.

എന്നാൽ, കൂടിക്കാഴ്ച നിരസിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകവേ, കത്ത് ലഭിച്ച അന്നുരാത്രി തന്നെ താൻ മറുപടി അയച്ചിരുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. “എനിക്ക് ഇന്നലെ കത്ത് ലഭിച്ചു, ഇന്നലെ രാത്രി തന്നെ ഞാൻ മറുപടിയും നൽകി. കൂടിക്കാഴ്ച നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചില കാരണങ്ങൾ സഹിതം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കത്തിന്റെ ഉള്ളടക്കം എന്താണെന്ന് രാഹുൽ ഗാന്ധിയോട് തന്നെ ചോദിക്കുന്നതാകും ഉചിതം. ഞാൻ അതിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നു,” എൻ.എച്ച്.ആർ.സി ചടങ്ങിന് ശേഷം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തങ്ങളുടെ പരാതികൾ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന ചോദ്യത്തിന്, സുപ്രീംകോടതിയുടെ വാതിലുകൾ രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു സാധാരണക്കാരനായാലും ജനപ്രതിനിധിയായാലും ആർക്കും ഹർജിയുമായി കോടതിയെ സമീപിക്കാം. ഇന്ത്യൻ പൗരന്മാരുടെ പരാതികൾ നിയമപ്രകാരം കേൾക്കാനും അവർക്ക് അർഹതപ്പെട്ട ആശ്വാസം ഉറപ്പാക്കാനും ജുഡീഷ്യറി ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഡൽഹിയിലെ നിലവിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്, അത് ക്രമസമാധാന പ്രശ്നമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

‘The doors of the Supreme Court are open to everyone’; Chief Justice responds to declining a meeting with Rahul Gandhi.

Also Read

More Stories from this section

family-dental
witywide