പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ ചാവേറാക്രമണം. ആക്രമണത്തിൽ എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്കേറ്റു. തിരക്കേറിയ മാർക്കറ്റിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും പരുക്കേറ്റവരെ സരായ് നൗറംഗിലെ തഹസിൽ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരക്കേറിയ നൗറംഗ് ബസാർ പ്രദേശത്തെ ഫട്ടക് ചൗക്കിലാണ് സ്ഫോടനം നടന്നത്. ആവർത്തിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശമായ ലക്കി മർവാട്ടിൽ സ്ഫോടകവസ്തു നിറച്ച വാഹനം പൊട്ടിത്തെറിച്ചപ്പോഴാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷയിലാണ് അക്രമി സഞ്ചരിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി മുഹമ്മദ് സുഹൈൽ അഫ്രീദി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസിനോട് വിശദമായ റിപ്പോർട്ട് തേടി. അനുശോചനം അറിയിച്ച അദ്ദേഹം കുടുംബങ്ങൾക്ക് എല്ലാ സർക്കാർ പിന്തുണയും ഉറപ്പുനൽകി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു, സർക്കാർ അവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
suicide blast in pakistan; Eight killed, 35 injured as explosive-laden auto-rickshaw explodes















