
ഇസ്ലാമാബാദ്/റിയാദ്: അമേരിക്കയും ഇറാനും തമ്മിൽ മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി പാകിസ്ഥാനും സൗദി അറേബ്യയും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മേഖലയിലെ സമാധാനം തകർക്കുന്ന പുതിയ നീക്കങ്ങളിൽ ഇരുരാജ്യങ്ങളും ആശങ്കയറിയിച്ചത്. കഴിഞ്ഞ ജൂണിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ‘ഇസ്ലാമാബാദ് ധാരണാപത്രം’ നിലനിൽക്കെയാണ് ഈ ആഴ്ച വീണ്ടും വ്യോമാക്രമണങ്ങൾ ഉണ്ടായത്.
മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക മധ്യസ്ഥനായി ഉയർന്നുവന്ന പാകിസ്ഥാന്റെ നയതന്ത്ര ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ കരാറിന് ഇസ്ലാമാബാദിന്റെ പേര് നൽകിയിരുന്നത്. കരാർ ലംഘിച്ചുള്ള ഇപ്പോഴത്തെ സൈനിക നീക്കങ്ങൾ ആരുടെയും താല്പര്യങ്ങൾക്ക് ഗുണം ചെയ്യില്ലെന്നും, മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത് തകിടം മറിക്കുമെന്നും ഇരു വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കിയതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
സൗദി അറേബ്യയും തങ്ങളുടെ ഔദ്യോഗിക വാർത്താ ഏജൻസി വഴി ഈ ചർച്ച സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും, യു.എസ്-ഇറാൻ ചർച്ചകൾ അടിയന്തിരമായി പുനരാരംഭിക്കുന്നതിനും അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകേണ്ടതുണ്ടെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനപരവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്നും സൗദി പ്രസ്താവനയിൽ വ്യക്തമാക്കി.















