
സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി പെയ്ത വേനൽമഴ പലയിടങ്ങളിലും അപകടം വിതച്ചു. ഇടിമിന്നലേറ്റും മരം കടപുഴകി വീണും രണ്ട് പേർ മരിച്ചു. കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ എണ്ണപ്പന വീണ് കരാർ തൊഴിലാളിയായ സരിതയും, ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ആസിഫ് അഷ്റഫുമാണ് മരണപ്പെട്ടത്. അടുത്ത മാസം വിദേശത്തേക്ക് പോകാനിരിക്കെയാണ് ആസിഫിന്റെ ദാരുണാന്ത്യം.
തൃശൂർ വെങ്ങിണിശ്ശേരിയിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ഗുരുതരമായി പൊള്ളലേറ്റ പത്തുവയസ്സുകാരൻ ശിവകൃഷ്ണയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട കോന്നിയിൽ ഇടിമിന്നലേറ്റ് വീണ 64 വയസ്സുകാരന്റെ കൈക്ക് പൊട്ടലേറ്റു. കൂടാതെ തിരുവനന്തപുരം പെരുങ്കടവിളയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുവരുകൾക്ക് വിള്ളൽ സംഭവിക്കുകയും ഗൃഹോപകരണങ്ങൾ നശിക്കുകയും ചെയ്തു.
വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, പത്തനംതിട്ട, ഇടുക്കി, വയനാട് തുടങ്ങി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Summer rain brings relief and tragedy to Kerala; two killed in separate incidents as yellow alert is issued













